കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഏപ്രില്‍ 27 വരെ നിരോധനാജ്ഞ; പൊതുയോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്


കോഴിക്കോട്: നാല്‍പത്ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, കാസര്‍ഗോഡ്, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് വൈകിട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. ഇതുപ്രകാരം മൂന്നില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ 141 പ്രശ്നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പോലിസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സിഎപിഎഫ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.