ഓണവിപണി: ജില്ലയില്‍ കര്‍ശന പരിശോധന നടത്തും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിയിനീയറീങ് കോളേജിലെ സി.എ ഓഫീസിലേക്ക് സ്‌കാനര്‍ വാങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 6 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0495 2383220, 0495 2383210.
ഐ.ടി.ഐ പ്രവേശനം ഓഗസ്റ്റ് 27 ന്
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ പ്രവേശത്തിനുവേണ്ടി അപേക്ഷിച്ചിട്ടുളള 260 ന് മുകളില്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ച എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ടി.സി. തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഓഗസ്റ്റ് 27 ന് രാവിലെ 8 മണിക്ക് ഐ.ടി.ഐയില്‍ എത്തിച്ചേരണ്ടതാണ്.ഫോണ്‍- 0495-2377016, 9947454618, 9495863857.
പുനര്‍ലേലം
കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാഗണി മരം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വെച്ച് പുനര്‍ലേലം ചെയ്ത് വില്‍പന നടത്തും. മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 31 ന് രാവിലെ 10.30 മണി വരെ സമര്‍പ്പിക്കാം. നിരതദ്രവ്യം ആയി 500 രൂപ ജോയിന്റ് ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിമാന്‍് ഡ്രാഫ്റ്റ് എടുക്കേണ്ടതാണ്. ഫോണ്‍- 0495 2373819.
ലാക്ടേഷന്‍ കൗണ്‍സിലര്‍ നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കെ.എ.എസ്.പിക്ക് കീഴില്‍ ലാക്ടേഷന്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 27ന് രാവിലെ 11.30 ന് ഐ.എംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂ നേരിട്ട് ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍(ബില്‍ഡിങ് ഡിസൈന്‍) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി സെപ്റ്റംബര്‍ 5. ഫോണ്‍- 9744002006, 9447311257.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഇലക്ട്രോണിക്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അധികം കാലപഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റ് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2022 സെപ്തംബര്‍ മുതല്‍ 2020 നവംബര്‍ വരെയാണ് വാഹനം ലഭ്യമാക്കേണ്ടത്. ഓഗസ്റ്റ് 31 വൈകുന്നേരം മൂന്ന് മണിവരേ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-0495 2376242.
എമിഗ്രേഷന്‍ സപ്പോര്‍ട്ട്- വിമുക്തഭടന്മാരുടെ അഭിമുഖം
ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന എമിഗ്രേഷന്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച വിമുക്തഭടന്മാരില്‍ നിന്നും അഭിമുഖത്തിനു യോഗ്യത നേടിയവര്‍ക്ക് അഭിമുഖത്തിന്റെ സ്ഥലം, തിയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരുടെ ഇ-മെയിലില്‍ ഡി.ജി.ആര്‍ ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത വിമുക്തഭടന്മാര്‍ ഡി.ജി.ആറിന്റെ വെബ് സൈറ്റിലോ അല്ലെങ്കില്‍ ജില്ല സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 മണിക്കാണ് ഇന്റ്റര്‍വ്യു. ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്- 0496 2524920.
ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള പരിപാടി ഉദ്ഘാടനം ചെയ്തു.തോടന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.ഷിനോജ് അധ്യക്ഷനായി.
എസ്.ബി ഐ. വില്യാപ്പള്ളി, കാനറ ബാങ്ക് വില്ല്യാപ്പള്ളി , കേരള ഗ്രാമീൺ ബാങ്ക് കുനിങ്ങാട് ബ്രാഞ്ച്, ബാങ്ക് ഓഫ് ബറോഡ വടകര ബ്രാഞ്ച്, കേരള ബാങ്ക് വില്യാപ്പള്ളി എന്നീ ബാങ്കിലെ പ്രതിനിധികൾ പങ്കെടുത്തു. മേളയിൽ എം എസ് എം ഇ ലോൺ പ്രോസസ്സിംഗിനെ കുറിച്ചും , പ്രൊജക്റ്റ് റിപ്പോർട്ട് രൂപീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് 5 പേർക്ക് ലോൺ അനുമതിപത്ര വിതരണവും 1 പുതിയ ലോൺ അപേക്ഷ സ്വീകരിക്കലും അഞ്ചു സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണവും നടത്തി. സംരംഭകർക്കുള്ള ഹെല്പ് ഡെസ്കിൽ ഇന്റേൺസ്മാരുടെ നേതൃത്വത്തിൽ 1 എഫ് എസ് എസ് എ ഐ രജിസ്ട്രേഷനും 5 ഉദ്യം രജിസ്ട്രേഷനും 1 കെ സ്വിഫ്റ്റ് അക്ണോലജ്മെന്റും ചെയ്ത് നൽകി. പരിപാടിയിൽ 50 പേർ പങ്കെടുത്തു.
തോടന്നൂർ ബ്ലോക്ക് എഫ് എൽ സി എൻ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജെ. എസ് ശ്രീധരൻ ആശംസ അറിയിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എം എസ് എം ഇ ഫെസിലിറ്റേറ്റർ അബിൻ രാജ് നന്ദി പറഞ്ഞു.
വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്- കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കലക്ടറുടെ നിർദേശം
വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ നിർദ്ദേശം. തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ആറിനാണ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്.
കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.
വേളം പഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു
വേളം ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നവ സംരംഭകര്‍ക്കായി ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന നടുക്കണ്ടി അധ്യക്ഷയായി. ചടങ്ങില്‍ പുതിയ സംരംഭകര്‍ക്കുള്ള ലൈസന്‍സ് നല്‍കി. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും തുടക്കമായി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മേളയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ മലയില്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. മനോജന്‍, കെ.അസീസ്, സുധാകരന്‍, കെ.കെ.ഷൈനി, ബാലമണി, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ തങ്കം, വ്യവസായ വികസന ഓഫീസര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണവിപണി- ജില്ലയില്‍ കര്‍ശന പരിശോധന
ഓണത്തോടനുബന്ധിച്ച് വിപണിയില്‍ പോരായ്മകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ അനിലന്‍ അറിയിച്ചു. വിപണിയില്‍ ലഭ്യമായ അരി, പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പായസം മിക്സ്, ശര്‍ക്കര, എണ്ണ എന്നിവ പരിശോധന നടത്തും. ഹോട്ടല്‍ റെസ്റ്ററന്റ്, ബേക്കറി, ബോര്‍മകള്‍ എന്നിവ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്-2006 പ്രകാരമുളള മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്തുന്നത് ഉറപ്പുവരുത്തുന്നതിന് ആഗസ്ത് 29 മുതല്‍ സെപ്തംബര്‍ 6 വരെ ജില്ലയില്‍ പ്രതിദിനം 3 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തും.
എല്ലാ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന താത്കാലിക സ്റ്റാളുകള്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും പരിശോധിക്കുകയും ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതുമാണ്. പായ്ക്ക് ചെയ്ത് വില്‍പന നടത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഓണാവധി ദിവസങ്ങളില്‍ പൊതുജനങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ക്ക് നടപടി സ്വീകരിക്കാന്‍ സജ്ജമാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെ 100643 ഓണകിറ്റുകള്‍ വിതരണം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 100643 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും വൈകിട്ടുവരെ കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്. ആദ്യ ദിനമായ ചൊവ്വാഴ്ച 13,456 കിറ്റുകളായിരുന്നു വിതരണം ചെയ്തത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ചെറിയ രീതിയില്‍ സാങ്കേതിക തടസമുണ്ടായെങ്കിലും പിന്നീട് കിറ്റുവിതരണം സുഗമായി നടന്നു. ഈ ദിവസങ്ങളില്‍ കിറ്റ് ലഭിക്കാതിരുന്ന മഞ്ഞക്കാര്‍ഡുകാര്‍ക്ക് വരും ദിവസങ്ങളില്‍ കൈപറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവന്‍ പറഞ്ഞു. 38,425 മഞ്ഞക്കാര്‍ഡുകളാണ് ജില്ലയിലുള്ളത്.
കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് പരിധിയില്‍ 6,348 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 9013, കൊയിലാണ്ടി താലൂക്ക് 25,748, താമരശ്ശേരി താലൂക്ക് 11,566, വടകര താലൂക്ക് 24,663, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 23,305 കിറ്റുകള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
സപ്ലൈകോ ഗോഡൗണുകളില്‍ ഇപ്പോഴും പാക്കിങ് തുടരുകയാണ്. രണ്ടു ലക്ഷത്തോളം കിറ്റുകള്‍ റേഷന്‍കടകളില്‍ വിതരണത്തിനെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എത്താതിരുന്ന ഉണങ്ങലരി, ഉപ്പ് എന്നിവ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 8,07,212 റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്.
3,12,550 പിങ്ക്, 2,17,486 നീല, 2,38,802 വെള്ള എന്നിങ്ങനെയാണ് ജില്ലയിലുള്ള കാര്‍ഡുടമകളുടെ എണ്ണം. പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള കിറ്റുവിതരണം ആഗസ്റ്റ് 25ന് ആരംഭിച്ചു. 26, 27 തിയ്യതികളില്‍ ഇവര്‍ക്ക് കിറ്റ് വാങ്ങാം. 29, 30, 31 തീയതികളില്‍ നില കാര്‍ഡിനും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ള കാര്‍ഡിനുമാണ് വിതരണം.
നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി സ്‌പെഷ്യല്‍ റേഷന്‍ ആയി നല്‍കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓണാഘോഷം: കായിക മാമാങ്കത്തിനൊരുങ്ങി കോഴിക്കോട് നഗരം
ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് നഗരത്തില്‍ തുടക്കമായി. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഓണനാളുകളില്‍ ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7.30ന് കോഴിക്കോട് ബീച്ചില്‍ ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 200 പേര്‍ക്കാണ് കൂട്ടയോട്ടം മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സെപ്റ്റംബര്‍ 8 ന് വൈകുന്നേരം ഫൂട്‌വോളി മത്സരം കോഴിക്കോട് ബീച്ചില്‍ നടക്കും. മൂന്നുപേര്‍ അടങ്ങുന്ന 10 ടീമുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.
സെപ്റ്റംബര്‍ 9ന് മാനാഞ്ചിറ മൈതാനത്തില്‍ കളരിപ്പയറ്റ്, വുഷു, കരാട്ടെ എന്നീ മത്സരങ്ങള്‍ ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. 7 ഏഴുപേര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.10 ന് രാവിലെയും വൈകുന്നേരവുമായി മാനാഞ്ചിറ മൈതാനത്ത് വിവിധ മത്സരങ്ങള്‍ നടക്കും. പുതിയതും പഴയതുമായ അമ്പെയ്ത്ത് മത്സരം അന്നേദിവസത്തെ പ്രധാന ഇനമാണ്. അമ്പെയ്ത്തിന് 8 പേരടങ്ങുന്ന 2 ടീമുകള്‍ക്കാണ് അവസരം. വൈകിട്ട് 4 മണിക്ക് സ്‌കൂള്‍ കുട്ടികളുടെ ഏറോബിക് ഡാന്‍സ് എക്‌സര്‍സൈസ് സംഘടിപ്പിക്കും. 300 കുട്ടികള്‍ക്കാണ് ഇതിനുള്ള അവസരം ഉള്ളത്.
വൈകിട്ട് 4.30ന് വയോജനങ്ങള്‍ക്കായി മ്യൂസിക്കല്‍ ചെയര്‍ മത്സരം ഒരുക്കും. 200 പേര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരമുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കും അന്നേദിവസം മ്യൂസിക്കല്‍ ചെയര്‍ മത്സരം നടത്തും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് മാധ്യമങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലേഴ്‌സ്, അസോസിയേഷന്റെ ടീമുകള്‍ എന്നിവര്‍ക്കായി കമ്പവലി മത്സരം സംഘടിപ്പിക്കും. 8 പേരടങ്ങുന്ന 8 ടീമുകള്‍ക്കാണ് അവസരം. സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് കായികയിനങ്ങളില്‍ പങ്കെടുക്കാം. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ചാത്തമംഗലത്തെ ഗ്രാമീണ പാതകളില്‍ ‘ഗ്രാമവണ്ടി’
ഗ്രാമീണ പാതകളിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള ‘ഗ്രാമവണ്ടി’ പദ്ധതി ചാത്തമംഗലം പഞ്ചായത്തില്‍ ആരംഭിക്കുന്നു. ഗ്രാമീണ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗ്രാമവണ്ടി. ജില്ലയില്‍ ആദ്യവും സംസ്ഥാനത്ത് മൂന്നാമതുമാണ് ഈ ഗ്രാമവണ്ടി.
കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും. പഞ്ചായത്തിലെ ആശുപത്രി, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഗ്രാമവണ്ടി സര്‍വീസ് നടത്തും.
ചാത്തമംഗലം, എന്‍.ഐ.ടി, നായര്‍ക്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോമിയോ ആശുപത്രി, കൂളിമാട്, എം.വി.ആര്‍ ആശുപത്രി, ചൂലൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, വെള്ളന്നൂര്‍ ആയുര്‍വേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകളായ ഓമശ്ശേരി, മാവൂര്‍, വാഴക്കാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളേയും ബസ് റൂട്ടില്‍ ഉള്‍പ്പെടുത്തിയതായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ ഓളിക്കല്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് ഗ്രാമപഞ്ചായത്ത് പരിസരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ധന ചെലവ് എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, സുരക്ഷ, വാഹനത്തിന്റെ മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ കെ.എസ്.ആര്‍.ടി.സി വഹിക്കും.