ജില്ലയിൽ ആരോഗ്യമേഖലയിൽ 17 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/08/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു

‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ഏപ്രിലിന് ശേഷം സാങ്ഷൻ ആയ എട്ട് എം. എസ്.എം.ഇ ലോണുകൾ മേളയിൽ വിതരണം ചെയ്തു.

ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്‌സിഡി നൽകുന്ന ‘ഒരു ഭവനം ഒരു സംരംഭം’ പദ്ധതിയുടെ അപേക്ഷകൾ ചടങ്ങിൽ സ്വീകരിച്ചു. എട്ട് ഉദ്യം രജിസ്ട്രേഷനും ഒരു എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷനും നൽകി. കുടുംബങ്ങളെ സംരംഭകരാക്കുന്ന ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയെക്കുറിച്ച് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ റഹീമുദ്ദീൻ ക്ലാസ്സെടുത്തു. 35 പേരാണ് മേളയിൽ പങ്കെടുത്തത്.

വൈസ് പ്രസിഡന്റ്‌ റസീന യുസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സണ്ണി, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ അമ്മദ് സ്വാഗതവും എം. എസ്. എം. ഇ ഫെസിലിറ്റേറ്റർ മുഹമ്മദ്‌ മിദ്‌ലാജ് എം. കെ നന്ദിയും പറഞ്ഞു.

ഫയൽ തീർപ്പാക്കൽ യജ്ഞം: 1392 ഫയലുകൾ തീർപ്പാക്കി

കേരള സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് ( ആഗസ്റ്റ് 21) 1392 ഫയലുകൾ തീർപ്പാക്കി. യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് ഓഫീസുകളും ഞായറാഴ്ചയും തുറന്നു പ്രവർത്തിച്ചു.

പഞ്ചായത്ത് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് അവധി ദിവസത്തിലും ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിച്ചത്. പരമാവധി കുടിശ്ശിക ഫയലുകൾ തീർപ്പാക്കാനായി അവധി ദിവസങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും ഗ്രാമ പഞ്ചായത്തുകൾ പ്രവർത്തിക്കുന്നത് സാധാരണമാണെങ്കിലും
കുടിശ്ശിക ഫയലുകൾ തീർപ്പാക്കാൻ മാത്രമായിട്ടാണ് ഈ അവധി ദിനം പ്രവർത്തിച്ചത്. സെപ്തംബർ 18 ഞായറാഴ്ചയും കുടിശ്ശിക ഫയൽ തീർപ്പാക്കാനായി ഗ്രാമ പഞ്ചായത്തുകൾ പ്രവർത്തിക്കും.

ഈ വർഷം മെയ് 31 വരെ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സെപ്റ്റംബർ 31നകം തീർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. ജില്ലയിൽ 70,000 ത്തോളം ഫയലുകൾ ഈ കാലയളവിൽ തീർപ്പാക്കിയിട്ടുണ്ട്.

ജില്ലയിൽ ആരോഗ്യമേഖലയിൽ 17 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ 16,96,40,000 രൂപയുടെ പദ്ധതികൾ ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു.
രണ്ടു വർഷത്തിനകം അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചുകൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കും.

പി എച്ച് സികളായ കുത്താളി, കക്കയം,സബ് സെന്‍ററുകളായ മാടത്തുംപൊയിൽ, എടവരാട്, പെരുമണ്ണ,
എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ അനുവദിച്ചു.

ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനു വേണ്ടിയുള്ള പുതിയ കെട്ടിടവും വെര്‍ട്ടിക്കല്‍ എക്സ്റ്റന്‍ഷന്‍ ഓഫ് ട്രയിനിംഗ് സെന്‍ററും പദ്ധതിയിൽ ഉൾപ്പെടും.

പി എച്ച് സി ചൂലൂര്‍, ജീവതാളം പദ്ധതിക്ക് കീഴിൽ റീ ക്രിയേഷന്‍ ഹബ്,എഫ് എച്ച് സി ആയഞ്ചേരി പൊതുജനാരോഗ്യ വിഭാഗത്തിനും ലാബിനും വേണ്ടിയുള്ള പുതിയ കെട്ടിടം,
എഫ് ഡബ്ള്യൂ സി കൂത്താളി,
സബ് സെന്‍റര്‍ പാലക്കല്‍, സബ് സെന്‍റര്‍ കോടിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ടിബി ബാധിതര്‍ക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രത്തിന്‍റെ നിർമ്മാണത്തിനും ജില്ലാ ടി ബി സെന്‍ററിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. ആരോഗ്യ കേരളം ആർ ഒ പി പ്രകാരമാണ് ജില്ലയിൽ പദ്ധതികൾ നടപ്പാക്കുന്നത്.

ഫാത്തിമ സാജിതയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി മരണപ്പെട്ട ചുങ്കം സ്വദേശിനി ഫാത്തിമ സാജിതയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മന്ത്രി കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്തി . താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് യുവതി മരണപ്പെട്ടത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, വാർഡ് മെമ്പർ എ. പി. മുസ്തഫ, മുൻ എം. എൽ.എ കരാട്ട് റസാഖ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തിക്കോടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഇനി പ്രത്യേക മെനുവിലുള്ള ഭക്ഷണം

തിക്കോടി ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലും ഇനി പ്രത്യേക മെനുവിലുള്ള ഭക്ഷണം. ക്രാഡിൽ മെനു പ്രകാരമാണ് കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഇഡ്‌ഡലി സാമ്പാർ, നൂൽപ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിധ്യമാർന്ന ഭക്ഷണമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും തേൻ കണം പദ്ധതിയുടെ ഭാഗമായി തേനും അങ്കണവാടികളിൽ നൽകി വരുന്നുണ്ട്.

പള്ളിപ്പറമ്പിൽ ലക്ഷം വീട് കോളനി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് മെമ്പർ റംല, ആശ വർക്കർ വഹീദ, സി ഡി എസ്‌ മെമ്പർ റഹീന,എ എൽ എം സി അംഗം അഷറഫ് ,ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല ടി കെ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അബ്ദുൾ മജീദ് സ്വാഗതവും അങ്കണവാടി വർക്കർ നന്ദിനി യു കെ നന്ദിയും പറഞ്ഞു.