ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും മധ്യേ ഇരുട്ടില്‍ ഒരു രൂപം ഞങ്ങളെ മുറിച്ചു കടന്നു; കുവൈറ്റിലേയും കൊയിലാണ്ടിയിലേയും വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു ‘സ്കൈ ടൂര്‍സ്&ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ മനോജ്‌കുമാർ കാപ്പാട്
മനോജ്‌കുമാർ കാപ്പാട്
പ്രേതം , ഭൂതം, പിശാച് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന വാർത്തൾ എക്കാലത്തും മനുഷ്യരുടെ ചങ്കിടിപ്പ് കൂട്ടന്നവയാണ്. അടുത്ത കാലത്ത് നടത്തിയ ഒരുപഠനം തെളിയിക്കുന്നത് ലോകത്ത് 45 % ആളുകളും ഇത്തരം അന്ധവിശ്വാസത്തിൽ നിന്നും മുക്തരല്ല എന്നാണ്. മനുഷ്യ മനസിന് പിടികിട്ടാത്ത ഒട്ടേറെ സമസ്യകൾ അരങ്ങേറുന്ന അണ്ഡകടാഹത്തിൽ ചിലതെല്ലാം നമ്മുക്ക് യുക്തി സഹമായി വിശദീകരിക്കാൻ ആവാത്തതായി ഉണ്ടെന്നതാവാം ഇത്തരം അടിസ്ഥാന രഹിതമായ വിശ്വാസങ്ങൾക്കു നിദാനം .
ഇനി ആമുഖം നിർത്തി വിഷയത്തിലേക്ക് വരാം, കുവൈറ്റിൽ പത്ത് പതിനാല് കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്നവനാണ് ഈ ഉള്ളവൻ. പ്രവാസത്തിൽ കിടപ്പാടം ( അതായത് ഫ്ലേറ്റ് ) മാറൽ ഒഴിവാക്കാൻ ആവാത്ത കലാപരിപാടിയാണ്. അതിനു പല കാരണങ്ങളും നിമിത്തമാവാറുണ്ട്. വാടക കുറഞ്ഞ ഫ്ലേറ്റ് തേടൽ, തൊഴിൽ എടുക്കുന്ന സ്ഥലം മാറൽ, താമസിച്ചു കൊണ്ടിരിക്കുന്ന റൂമിലെ അംഗബലം കുറവു വരുക, അങ്ങിനെ പലതും. അവയെല്ലാം നീട്ടി പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
രണ്ടു വർഷം മുൻപാണ് ഞങ്ങൾ നാലു പേർ ചേർന്ന് ഫർവാനിയയിൽ നിന്ന് അബ്ബാസിയയിലേക്ക് താമസം മാറിയത് . ഗ്രൗഡ് ഫ്ലോറിലാണ് പുതിയ താമസയിടം. സാധാരണ ഗതിയിൽ ബാച്ചിലേഴ്സിന് ലഭിക്കാത്തതാണു ഗ്രൗഡ് ഫ്ലോറിലെ ആദ്യമുറികൾ !. രണ്ടു മുറിയും, സെന്റർ ഹാളും ചേർന്ന ഒരു ചെറിയ ഫ്ലേറ്റ്. വേണ്ടത്ര വെന്റിലേഷൻ സൗകര്യം ഇല്ലാത്തത് കൊണ്ട്തന്നെ ഇരുട്ടിനെ അകറ്റാൻ അകത്തളങ്ങളിൽ എപ്പോഴും വെളിച്ചം തെളിച്ചിടേണ്ടിയിരുന്നു. പ്രത്യേകിച്ചും ഹാളിൽ !!
ഞങ്ങളുടെ കൂട്ടത്തിലെ പത്തനം തിട്ടക്കാരനായ എബിൻ റൂമിലെ കട്ടിൽ വിട്ട്, ഹാളിലെ പഴകിയ സോഫയിലാണ് കിടക്കാറുണ്ടായിരുന്നത്. അവിടെ കിടന്ന് ടി.വി കണ്ടു പുള്ളി ഉറക്കത്തെ പിടിക്കും. ഒരു ദിവസം രാത്രി പതിവ് പോലെ ടി.വി കണ്ടു ഉറങ്ങിപ്പോയ അവൻ ചാടിയെഴുന്നേറ്റു, മുറിയിൽ ഉറങ്ങിക്കിടന്ന ഞങ്ങളെ വിളിച്ചുണർത്തികൊണ്ടു പറഞ്ഞു.
“ഹാളിൽ ആരോ ഉണ്ട് ?”. പാതി മയക്കത്തിൽ എഴുന്നേറ്റ ഞങ്ങൾക്ക് അവൻ പറഞ്ഞത് അത്ര മനസിലായിലെങ്കിലും, അവനൊപ്പം ഹാളിലേക്ക് ചെന്നു. ആ നിമിഷങ്ങളിൽ ഇടുങ്ങിയ ഹാൾ മൊത്തം ഇരുട്ട് മൂടി കിടക്കുകയായിരുന്നു . എബിനും, എനിക്കും നല്ല ധൈര്യം കൈമുതലായി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ രണ്ടും സ്വിച്ച് ഇടാൻ മെനക്കെട്ടില്ല. ജീവനിൽ പേടി ഇല്ലാഞ്ഞത് കൊണ്ട്മറ്റൊരു സഹമുറിയൻ സ്വിച്ചിട്ടു, വെളിച്ചം വീണതോടെ എല്ലാവരും ചേർന്ന് അവിടമാകെ പരതി. എബിൻ പറഞ്ഞത് പോലെ ആരെയും അതിനകത്ത് കാണാനായില്ല. അതോടെ അവനെ തെറി പറഞ്ഞു ഞങ്ങൾ തിരിച്ചു റൂമിൽ കയറി കിടക്കുകയും ചെയ്‌തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ റൂമിൽ വന്നു കിടന്നുകൊണ്ട് പറഞ്ഞു “എന്റെ തൊട്ടടുത്ത് ഇരുന്ന് ആരോ ശ്വാസം വലിക്കുന്നത് ഞാൻ കേട്ടതാണ് ” പക്ഷെ ഞങ്ങൾ ആരും തന്നെയത് മുഖവിലക്കെടുത്തില്ല. ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ അവൻ വീണ്ടും ഹാളിൽ തന്നെയായി കിടത്തം. കുറച്ചു ദിവസത്തേക്ക് അസ്വാഭിവകമായി ഒന്നും സംഭവിച്ചില്ല.
എന്നാൽ ഒരു വ്യാഴാഴ്ച ഞങ്ങളെ ഉറക്കത്തിൽ നിന്ന് തട്ടി എഴുന്നേൽപ്പിച്ചു കൊണ്ട് ഒരിക്കൽ കൂടെ അവൻ മുറിയിലേക്ക് ഓടിക്കയറി. അതോടെ എബിൻ പറയുന്നത് അവിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായി ഞങ്ങൾ. ഹാളിൽ ലൈറ്റിട്ട് മൊത്തം അരിച്ചു പെറുക്കിയെങ്കിലും അന്നും ആരെയും കണ്ടെത്താൻ ആയില്ല. മാത്രവുമല്ല ലോക്കും, ചെയിനും ഇട്ട് പൂട്ടിയ വാതിൽ തുറക്കാതെ ആർക്കും അകത്ത് കടക്കാൻ സാധ്യവുമായിരുന്നില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു താനും.
അവസാനം അവൻ കിടന്ന ഇടം വീണ്ടും പരിശോധിച്ച് കൊണ്ടിരിക്കവെയാണ് ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിയാൻ ആയത്. ഇവിടെ ഗൾഫിൽ, ചുവരിന് അകത്ത് കൂടെയാണ് സാനിറ്ററി ( കക്കൂസ്, വെള്ളം ) പൈപ്പുകൾ ഇടന്നത്. മുകളിലെ നിലയിൽ ആരെങ്കിലും ബാത്ത് റൂം ഉപോയോഗിക്കുമ്പോൾ പൈപ്പിലൂടെ വെള്ളം താഴേക്ക് പതിക്കും. പകൽ സമയങ്ങളിൽ പുറത്തെ ശബ്ദങ്ങളാൽ ചുവരുനുള്ളിൽ നിന്നുള്ള ശബ്ദം കേൾക്കാൻ ആവുമായിരുന്നില്ല . എന്നാൽ അർദ്ധ രാത്രിയുടെ നിശബ്ദതയിൽ അത് പതിയെ കേൾക്കാൻ ആവുമായിരുന്നു !! . ( ഈ സംഭവം അബ്ദല്ലി എന്ന നോവലിലും ചേർത്ത് വെച്ചിട്ടുണ്ട്. വായിച്ചവർക്ക് അത് എളുപ്പത്തിൽ തിരിച്ചറിയാനാവും ).
അന്ന്, ശബ്ധത്തിന്റെ ഉറവിടം കണ്ടെത്താൻ ആവാതെ പോയിരുന്നെങ്കിൽ അതൊരു പ്രേതബാധയുള്ള ഫ്ലേറ്റായി എണ്ണപ്പെട്ടേനെ. ഇതിനു പിറകിലെ കാരണം യുക്തി സഹമായി വിശദീകരിക്കാൻ കഴിഞ്ഞെങ്കിൽ വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വെച്ച് ഉണ്ടായ അനുഭവത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ഇരുളിലാണ്.. അവ്യക്തമായ സമസ്യയാണ് . അത് കൂടെ പറഞ്ഞു നിർത്താം .
അതിന് മുൻപായി ഒരു പ്രധാന കാര്യം നിങ്ങളെ ഓർമിപ്പിക്കട്ടെ. ഇത്തരം അനുഭവങ്ങൾ എടുത്ത് പറയുന്നത് പ്രേതങ്ങൾ ഉണ്ടോ, ഇല്ലയോ എന്ന് സമർത്ഥിക്കാൻ അല്ല. വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വെച്ച് ഉണ്ടായ ഒരു അനുഭവം നിങ്ങളുമായി പങ്കു വെക്കുന്നു, അത്രമാത്രം. അത് കൊണ്ട് തന്നെ യുക്തിപരമായ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു പ്രേതങ്ങൾ ഉണ്ടെന്നു സ്ഥാപിക്കേണ്ട ബാധ്യത എനിക്കില്ല. ഞാൻ കണ്ടത്, അത്പോല പറയാൻ ഉള്ള ശ്രമം ആയി കരുതി ക്ഷമിക്കുക.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സംഭവം. അതായത് എന്റെ ഓർമ ശരിയാണെങ്കിൽ ഒരു 90 കളിലോ അതിനു മുൻപോ ആണ്. അന്നൊക്കെ ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്തെല്ലാം നമ്മളും ചെന്നെത്തുന്ന കാലം ഞാനും എന്റെ സ്നേഹിതൻ ഉമ്മർ കോയയും ചേർന്നാണ് ഉത്സവപറമ്പുകൾ നിരങ്ങാറ്! ( അവൻ ഇപ്പോൾ കുവൈറ്റിൽ ഉണ്ട്) .
പതിവ് തെറ്റിക്കാതെ അക്കൊല്ലവും ഞങ്ങൾ കൊയിലാണ്ടിക്കടുത്തുള്ള പിഷാരികാവിലും എത്തി. പിഷാരികാവ് ഉത്സവം അല്ല. അത് കൊയിലാണ്ടിയുടെ ഒന്നൊന്നര ആഘോഷം ആണ്. അത്രയും ആള് കൂടുന്ന ഒരു ഉത്സവം ഞങ്ങളുടെ പ്രദേശത്തു ഇല്ലെന്നു തന്നെ പറയാം.
പിഷാരികാവ് എന്ന് കേൾക്കുമ്പോൾ പേടിയിൽ കുതിർന്ന ഭക്തിയാണ് മനസ്സിൽ ഉണ്ടാകാറുളളത്. കാരണം, കേട്ടറിഞ്ഞ അവിടുത്തെ അവസാന ദിവസത്തെ ഇറച്ചി ഏറും. ക്ഷേത്രം അടച്ചു, ഒരു മനുഷ്യനും അവിടെ നിൽക്കാതെ ഒഴിഞ്ഞു പോവുന്നതും. പിന്നെ ആ പരിസരം മൊത്തം അദൃശ്യ ശക്തി കൈയ്യടക്കുന്നതും ഭക്തിയേക്കാൾ പേടി തന്നെ ആയിരുന്നു അക്കാലത്ത് മനസ്സിൽ വിതച്ചിരുന്നത്.
അക്കൊല്ലം എം ജി ശ്രീകുമാറിന്റെ ( പ്രശസ്തത പിന്നണി ഗായകൻ) ഗാനമേള ആയിരുന്നു കൊടിയിറക്കത്തോടെ നടത്തിയിരുന്നത് . ഗാനമേള തുടങ്ങിയപ്പോഴേ സംഭവം ഫ്ലോപ്പ് ആണെന്ന് മനസിലായി. ഒപ്പം പതിവ് കലാപരിപാടിയായ അടി കൂടെ പൊട്ടിയതോടെ അവിടെ നില്ക്കാൻ തോന്നിയില്ല. ഞാനും ഉമ്മർ കോയയും തിരിച്ചിറങ്ങി, ഞങ്ങളെപ്പോലെ നിരാശരായി മടങ്ങിയവർ കുറച്ചു പേർ ഞങ്ങൾക്ക് മുൻപിലും പിൻമ്പിലും ഉണ്ടായിരുന്നു.
ഏകദേശം പിത്ത് പന്ത്രണ്ടു കിലോമീറ്റർ ഉണ്ട് പിഷാരി കാവിൽ നിന്ന് കപ്പാട്ടേക്ക്. അന്ന് ടൂവീലറോ, കാറോ ഉള്ളവർ വിരളമാണ്. അങ്ങോട്ട് ബസിനും ഇങ്ങോട്ട് കാൽനടയും ആണ് പതിവ്. ഏകദേശം കൊയിലാണ്ടി ടൌൺ വരെ തെറ്റില്ലാത്ത ആൾക്കൂട്ടം ഞങ്ങൾക്ക് ഇരുപുറവുമായി ഉണ്ടായിരുന്നു. കൈയടിച്ചു പാട്ടും പാടിയും, റോഡ് അരികിലെ വലിയ ബോർഡുകൾക്ക് (അന്ന് ഫ്ലെക്സ് ബോഡുകൾ അല്ല, മെറ്റൽ ബോഡുകൾ ആണ്) കല്ലെറിഞ്ഞു വെടിക്കെട്ട് തീർത്തു കൊണ്ടാണ് ആ കൂട്ടത്തിന്റെ വരവ്.
കൊയിലാണ്ടി കഴിഞ്ഞു അരങ്ങാടത്ത് എത്തിയെപ്പോഴേക്കും അംഗബലം കുറഞ്ഞു. പാട്ടും കൈയ്യടിയും നിന്നു. ഉറക്കവും, നടത്ത ക്ഷീണവും പതുക്കെ ഞങ്ങളെ പിടികൂടാൻ തുടങ്ങി. സമയം ഏകദേശം ഒരു മണിയോട് അടുത്ത് കാണും. ചെങ്ങോട്ടു കാവ് ഗെയിറ്റ് എത്തിയപ്പോൾ അംഗബലം വീണ്ടും ശോഷിച്ചു ഞങ്ങൾ രണ്ടു പേരായി.
ചെങ്ങോട്ട് കാവ് അന്ന് ഒരു പാട് മരങ്ങൾ ഉള്ള പ്രദേശമാണ്. പാലമോ ഇന്നത്തെ പോലെ വെളിച്ചമോ ഇല്ല. ഗെയിറ്റിനടുത്തുള്ള പ്രദേശത്തെ കുറിച്ച് അത്ര സുഖകരമല്ലാത്ത പല കഥകളും മുൻപ് കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അവിടെ എത്തിയപ്പോൾ ഞങ്ങൾ നടപ്പിന് വേഗത കൂട്ടി.
ഗെയിറ്റ് എത്തുന്നതിന് മുൻപ് വരെ ഉമ്മർകോയ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നിരുന്നു. ഞങ്ങൾ രണ്ടു പേരും മാത്രമായപ്പോൾ അവനും മിണ്ടാതെ ആയി. എങ്ങിനെ എങ്കിലും വീട് പിടിക്കണം അത് മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. അല്ലെങ്കിലും അങ്ങോട്ട് പോവുന്ന ഇന്ട്രെസ്സ്റ്റ് ഇങ്ങോട്ട് വരാൻ ഉണ്ടാവാറില്ല.
ഗെയിറ്റ് കടന്ന് ഇരുവരും വലിച്ചു വെച്ചു നടന്നു. ചെങ്ങോട്ടു കാവിനും പൊയിൽക്കാവിനും മധ്യത്തിൽ റോഡും, റെയിലും തൊട്ടടുത്ത് കൂടെ കടന്നു പോവുന്ന ഒരു ഭാഗം ഉണ്ട്. ആ പ്രദേശം അന്ന് അത്ര പന്തി അല്ലാത്ത സ്ഥലം ആയിരുന്നു.
ഞാനും സ്നേഹിതനും അവിടം താണ്ടാനുള്ള വ്യഗ്രതയിലായി. തളർച്ചയ്ക്കും , ഉറത്തിനും അടിമുടി കീഴ്പ്പെട്ട ഞാൻ ചെറിയൊരു ആശ്വാസത്തിനായി ഇടക്ക് കണ്ണും പൂട്ടി ചുവടുകൾ വെക്കും. അതോടെ പാതി മയക്കത്തിലാവും നടത്തം. റോഡിന്റെ കിഴക്കു ഭാഗം ആളൊഴിഞ്ഞു കാട് നിറഞ്ഞൊരു ഉയർന്ന പറമ്പാണ്. തെറ്റില്ലാത്ത ഇരുട്ട് ഞങ്ങളെ കാത്ത് പതുങ്ങി നിൽപ്പുണ്ടായിരുന്നു അവിടെ.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ഞാൻ വീണ്ടും, കണ്ണു പൂട്ടാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന്ഉമ്മർക്കോയ എന്നെപ്പിടിച്ചു പിറകോട്ടു വലിച്ചു നിർത്തി. എന്റെ കൈയെത്തും ദൂരം, തൊട്ടു മുൻപിലായി ഒരു സ്ത്രീ രൂപം. സാരിയാണ് വേഷം. മുടി അഴിച്ചിട്ടു മുഖത്തിന്റെ ഒരു പാതി മറഞ്ഞു കിടപ്പുണ്ട്. പെട്ടന്നുള്ള ആ കാഴ്ച്ചയിൽ, ഞങ്ങൾ നിന്നിടത്ത് നിന്ന് ചലിക്കാൻ കഴിയാതെ നാവിറങ്ങിയ അവസ്ഥയിലായി! .
അവരെങ്ങിനെ അത്രപെട്ടെന്ന് ഞങ്ങളുടെ മുൻപിൽ എത്തി എന്ന് ചിന്തിച്ചു നിൽക്കവേ. രൂപം പതുക്കെ ഞങ്ങൾക്ക് മുൻപിലൂടെ റോഡ് മുറിച്ചു കടന്നു. അത്ര മാത്രം അടുത്ത് കൂടെ പോയിട്ടും ആ സ്ത്രീ ഞങ്ങളുടെ സാമീപ്യം തീർത്തും അവഗണിച്ചാണ് കടന്ന് പോയത്. ഒരിക്കൽ പോലും അവർ തിരിഞ്ഞു നോക്കുകയോ, ചലനത്തിന്റെ അസ്വാഭാവികത മാറ്റുകയോ ഉണ്ടായില്ല.
റോഡിൽ നിന്നും കുത്തനെയുള്ള ഇറക്കം വഴി വാഹനങ്ങൾ റെയിലിലേക്കു വീഴാതിരിക്കാൻ ഒരു ഇരുമ്പ് കമ്പി അരക്കൊപ്പം പൊക്കത്തിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. മുൻപിലൂടെ കടന്നു പോയ സ്ത്രീ കുനിയാതെയോ, ചാടിക്കടക്കാതെയോ ആ ഇരുമ്പ് വേലി കടന്നു പോയി എന്നുള്ളതാണ് ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത്.
അവർ ഒരു നേർരേഖയിൽ എന്നപോലെ കമ്പി വേലിയും കടന്നു ഇറക്കം ഇറങ്ങി. ഏതൊരാൾക്കും നിവർന്നു നിന്ന് കൊണ്ട് ആ ഇറക്കം ഇറങ്ങൽ അത്ര എളുപ്പം അല്ല. പക്ഷേ ഒരു നിരപ്പായ സ്ഥലം താണ്ടുന്നത് പോലെ ഇറങ്ങി റെയിൽ മുറിച്ചു കടന്നു വിജനമായ പറമ്പിലെ ഇരുളിൽ മറഞ്ഞു . ഞങ്ങളെ ശരിക്കും ഭയപ്പെടുത്തിയത് ആ സ്ത്രീയുടെ നടപ്പിലെ അസ്വാഭാവികതയും, അവ്യക്തമായ മുഖവും തന്നെ ആയിരുന്നു.
സ്ത്രീരൂപം ഇരുളിൽ നിന്നും മാഞ്ഞു പോയതിനു ശേഷമാണ്, ഞങ്ങൾക്ക് പരിസരബോധം തിരിച്ചു കിട്ടുന്നത്. രണ്ടു പേരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നതിന് ശേഷമാണു വീണ്ടും യാത്ര തുടർന്നു. പൊയിൽക്കാവ് കഴിഞ്ഞപ്പോൾ ഞാൻ സ്നേഹിതനെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.
“ഏതോ ചീത്ത സ്ത്രീ ആയിരിക്കും അത് … ” എന്റെ വിശദീകരണം അവന് ബോധ്യമായാതായി തോന്നിയില്ല. കാരണം ആ രൂപത്തിന്റെ നടപ്പും ഭാവവും ഒരു സാധാരണ സ്ത്രീയിൽ നിന്നും തികച്ചും വിഭിന്നം ആയിരുന്നു.
ഒരു കാഴ്‌ച അതിന്റെ തീവ്രത മുഴുവൻ ചോർന്നു പോവാതെ വരച്ചിടാൻ ഒരക്ഷരങ്ങൾക്കും ശക്തിയില്ല എന്നത് കൊണ്ട് തന്നെ ഞങ്ങൾ അനുഭവിച്ച ആ നിമിഷങ്ങളിലെ ഭയം ഇപ്പോഴും വരക്കു പുറത്താണ്. അത് കൊണ്ട് തന്നെ നിങ്ങളിൽ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉയർന്നേക്കാം. അവിടെ ഞാനും നിസ്സഹായനാണ് കാരണം എന്റെ കൈകളിലും ചില സംശയങ്ങളെ ഉള്ളൂ ..
മനോജ്‌കുമാർ കാപ്പാട് എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…
പിന്നീട് പലവട്ടം അവിടം കടന്നു പോയിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ കണ്ണുകൾ വണ്ണമുള്ള ആ ഇരുമ്പ് കമ്പിക്കു മുകളിൽ പതിയാറുണ്ടായിരുന്നു. ഒരാൾക്കു കടന്നു പോവാൻ മാത്രമുള്ള വിടവ് ആ സ്ത്രീ കടന്നു പോയ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് തേടിയിരുന്നു. പക്ഷെ എനിക്കൊരിക്കലും അങ്ങിനെ ഒന്ന് കണ്ടെത്താൻ ആയിരുന്നില്ല.
ഇന്നും അതുവഴി കടന്നു പോവുമ്പോൾ അന്ന് രാത്രിയിലെ ചിത്രങ്ങൾ മനസ്സിൽ വെള്ളിത്തിരയിൽ എന്ന പോലെ തെളിഞ്ഞു വരും. ഒപ്പം ഒരു ചോദ്യവും … “അവർ ആരായിരുന്നു ?”