ചെങ്ങോട്ട് കാവ് അന്ന് ഒരു പാട് മരങ്ങൾ ഉള്ള പ്രദേശമാണ്. പാലമോ ഇന്നത്തെ പോലെ വെളിച്ചമോ ഇല്ല.  ഗെയിറ്റിനടുത്തുള്ള പ്രദേശത്തെ കുറിച്ച് അത്ര സുഖകരമല്ലാത്ത പല കഥകളും മുൻപ് കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അവിടെ എത്തിയപ്പോൾ ഞങ്ങൾ  നടപ്പിന് വേഗത കൂട്ടി.

ഗെയിറ്റ് കടന്ന് ഇരുവരും വലിച്ചു വെച്ചു നടന്നു. ചെങ്ങോട്ടു കാവിനും പൊയിൽക്കാവിനും മധ്യത്തിൽ  റോഡും, റെയിലും തൊട്ടടുത്ത് കൂടെ കടന്നു പോവുന്ന ഒരു ഭാഗം ഉണ്ട്. ആ പ്രദേശം അന്ന് അത്ര പന്തി അല്ലാത്ത സ്ഥലം ആയിരുന്നു.

ഞാനും സ്നേഹിതനും അവിടം താണ്ടാനുള്ള  വ്യഗ്രതയിലായി. തളർച്ചയ്ക്കും , ഉറക്കത്തിനും അടിമുടി കീഴ്പ്പെട്ട ഞാൻ   ചെറിയൊരു  ആശ്വാസത്തിനായി  ഇടക്ക് കണ്ണും പൂട്ടി ചുവടുകൾ വെക്കും. അതോടെ  പാതി മയക്കത്തിലാവും  നടത്തം.  

റോഡിന്റെ കിഴക്കു ഭാഗം ആളൊഴിഞ്ഞു കാട് നിറഞ്ഞൊരു ഉയർന്ന പറമ്പാണ്. തെറ്റില്ലാത്ത ഇരുട്ട് ഞങ്ങളെ കാത്ത് പതുങ്ങി നിൽപ്പുണ്ടായിരുന്നു അവിടെ.

ഞാൻ വീണ്ടും, കണ്ണു പൂട്ടാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന്ഉമ്മർക്കോയ  എന്നെപ്പിടിച്ചു പിറകോട്ടു വലിച്ചു നിർത്തി. എന്റെ കൈയെത്തും ദൂരം, തൊട്ടു മുൻപിലായി ഒരു സ്ത്രീ രൂപം. 

സാരിയാണ് വേഷം. മുടി അഴിച്ചിട്ടു മുഖത്തിന്റെ ഒരു പാതി മറഞ്ഞു കിടപ്പുണ്ട്. പെട്ടന്നുള്ള ആ കാഴ്ച്ചയിൽ, ഞങ്ങൾ നിന്നിടത്ത് നിന്ന് ചലിക്കാൻ കഴിയാതെ നാവിറങ്ങിയ  അവസ്ഥയിലായി!