ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഇരുമുന്നണികള്‍ക്കും തുല്യസാധ്യത


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേലടി എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടാണ് വരണാധികാരി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡിലെ സി.പി.എം അംഗവുമായിരുന്ന ഇ.ടി.രാധ അസുഖ ബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാധ മരിച്ചതോടെ 15 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴു വീതം അംഗങ്ങളായി.

ഓരോ മുന്നണിക്കും കിട്ടേണ്ട വോട്ടുകള്‍ കിട്ടിയാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. പ്രസിഡന്റ് പദം എസ്.സി.സംവരണമാണ്. നിലവില്‍ ഇരുമുന്നണികള്‍ക്കും ഓരോ എസ്.സി.അംഗങ്ങളാണുള്ളത്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി രണ്ടാം വാര്‍ഡ് അംഗം സി.പി.എമ്മിലെ എം.എം.രഘുനാഥും യു.ഡി.എഫ് സ്ഥാനാര്‍ഥി 11ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ എന്‍.ടി.ഷിജിത്തും തമ്മിലാണ് മത്സരം. ഷിജിത്ത് 256 വോട്ടിന്റെ ഭൂരിപക്ഷത്തിലും രഘുനാഥ് 194 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.

15ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. ഒരു മുന്നണിക്കും വ്യക്തമായ മേല്‍ക്കൈ ഉള്ള വാര്‍ഡ് അല്ല പതിനഞ്ചാംവാര്‍ഡ്. എന്‍.ടി. രാധ ഇവിടെ 11 വോട്ടിനാണ് വിജയിച്ചത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് തീപ്പാറും മത്സരമായിരിക്കും.