‘സാബൂ, ഞ്ഞി സൗദീലല്ലേ? സൗദിക്കാരോട് ഞാന്‍ നൂറാ മാങ്ങല്, യാസീന്‍ കാദര്‍ പറഞ്ഞത് കേട്ട് എനിക്ക് ആകാംക്ഷയായി’; സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് ശിഹാബ് കൊയിലാണ്ടി
ശിഹാബ് കൊയിലാണ്ടി
കാലം കരവിരുതാൽ കയ്യൊപ്പുചാർത്തിയ ഓരോ ദേശത്തിന്റെയും എഴുതാക്കഥകളിലെ ചിതലരിച്ച കാണാപ്പുറങ്ങളിൽ കാണാം, വിദൂഷകവേഷം കെട്ടിയാടാൻ വിധിക്കപ്പെട്ട പരമസാത്വികരായ ഒരുപറ്റം പച്ചമനുഷ്യരുടെ ദൈന്യതയാർന്നതെങ്കിലും പുഞ്ചിരി തെളിയുന്ന ചോരവറ്റിയ മുഖങ്ങൾ…
കിഴക്ക്, അരയ്ക്കൊപ്പം ഉയരത്തിൽ ഭീമാകാരങ്ങളായ മീസാൻ കല്ലുകൾ ആകാശത്തേക്ക് കണ്ണെറിഞ്ഞുനിൽക്കുന്ന വിശാലമായ ഖബർസ്ഥാനും പടിഞ്ഞാറ് ഏത് കാറ്റിലും കോളിലും തിരയിളക്കമില്ലാതെ, ശാന്തമായൊഴുകുന്ന പുഴപോലെ അറബിക്കടലും അതിരുപങ്കിടുന്ന കടപ്പുറം പള്ളിയെന്ന ഹൈദ്രോസ് പള്ളിയും പരിസരപ്രദേശങ്ങളും ഓർമയിൽ ഓടിയെത്തുമ്പോൾ ചിരപരിചിതമുഖങ്ങളിൽ ഇന്നും മായാതെ നില്ക്കുന്ന ഒരു രൂപമുണ്ട്, മൊട്ടത്തലയിൽ ഉറുമാൽ ചുറ്റിക്കെട്ടി ഉണ്ടക്കണ്ണുകളും താടിരോമങ്ങൾ വളരാത്ത വിളറിയ മുഖത്ത് ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന മഞ്ഞപ്പല്ലുകളുമായി നില്ക്കുന്ന യാസീൻ കാദറെന്ന ഒരു കൊച്ചുമനുഷ്യന്റെ ചിരി വഴിഞ്ഞൊഴുകുന്ന രൂപം.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ഓർത്തുവെക്കാൻ കാദർ പണ്ഡിതനോ സഹനവും ശാന്തതയും കൈപ്പിടിയിലൊതുക്കി ഐഹികം വെടിഞ്ഞ് ഊരുചുറ്റുന്ന സൂഫിവര്യനോ ആത്മാർപ്പണത്തിന്റെ ആൾരൂപമായ മുരീദുമാരുടെ പിന്തുടർച്ചക്കാരനോ ആയിരുന്നില്ല. എന്തിന്, ഓത്തുപള്ളിയിൽ ഓതിപ്പഠിച്ച വിശുദ്ധഗ്രന്ഥ സൂക്തങ്ങൾ ഏറെ ഹൃദിസ്ഥമാക്കിയിട്ടും ഒരു ഉസ്താദുപോലും അല്ലായിരുന്നു.
പന്ത്രണ്ടാം കല്ലിന്റെയും ചീക്കാ പള്ളിയുടെയും ഈറ്റത്തോടിന്റെയും ഇട്ടാവട്ടത്തിലെ സ്ഫടികസമാനഹൃദയരായ മനുഷ്യരുടെ വീടുകളിൽ പ്രിയപ്പെട്ടവരുടെ റൂഹ് പിരിയുമ്പോഴും ആണ്ടറുതിയിലും വെള്ളിയാഴ്ച രാവുകളിലും യാസീനോതിയും റബീഉൽ അവ്വലിൽ മൗലൂദ് പാരായണം നടത്തിയും അഞ്ചെട്ട് വയറുകൾക്ക് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന വെറുമൊരു യാസീൻ കാദർ മാത്രമായിരുന്നു അയാൾ…
എന്നിട്ടും ചരിത്രത്തിന്റെ വിവിധങ്ങളായ മണങ്ങളുടെ കാറ്റുവീശുന്ന ചരൽ വഴികളിലൂടെയും പിൽക്കാലത്ത് വീടുകളായി രൂപാന്തരം പ്രാപിച്ച പാണ്ടികശാലകളുടെ പഴകി ജീർണ്ണിച്ച ചുറ്റുമതിലുകൾക്ക് കാവൽ നില്ക്കുന്ന പടിപ്പുര വാതിലുകൾക്ക് മുന്നിലൂടെയും തുണിസഞ്ചിയിൽ പൊതിഞ്ഞ കിത്താബുകൾ കക്ഷത്തിലിറുക്കി ദേശത്തിന്റെ അനിവാര്യതയെന്നോണം ഒരു പിൻവിളിക്ക് കാതോർത്തുകൊണ്ട് അയാൾ നടന്നുനീങ്ങി…
പ്രവാസത്തിൻ്റെ വെയിൽച്ചൂടേറ്റ് നാട്ടോർമകൾ അന്യമായിടത്ത് കനത്ത നിശ്ശബ്ദത കാർമേഘം പോലെ വന്നുനിറയുന്നുണ്ടെങ്കിലും ഇടയ്ക്കൊരുമിന്നൽ പിണരിന്റെ പ്രഭയിൽ പന്ത്രണ്ടാം കല്ലിന്റെ ഒതുക്കുകളിറങ്ങി കാദർ, ഭൂമിക്ക് നോവാതെ നടന്നുവരുന്നത് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.
അന്ന്, ദീർഘനാളത്തെ മുംബൈ വാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ബാപ്പയുമൊത്ത് ജമാഅത്ത് പള്ളിയുടെ കമാനത്തിനരികെയുള്ള സറാപ്പ് കുഞ്ഞമ്പുവിന്റെ കടയിൽ ഉമ്മയുടെ കൊളുത്തറ്റ മാല വിളക്കിചേർക്കാൻ കൊടുത്തത് വാങ്ങാൻ കാത്തുനില്പുണ്ട് ഞാൻ.
ബാപ്പയെ കണ്ടയുടൻ ഭവ്യതയോടെ കാദർ പറയുന്നു:
“കുൻചെയ്ക്കാ… ഇന്ന് ബറാത്ത് രാവല്ലെ… മഗ് രിബ് കയിഞ്ഞ് ഞാനങ്ങോട്ട് വരാം…”
ബാപ്പ നാട്ടിൽ ഇല്ലാതിരുന്ന നാളുകളിൽ വെള്ളിയാഴ്ചകളിലും ബറാത്തുരാവുകളിലും ഉമ്മ കാദറിനെ വിളിച്ച് യാസീൻ ഓതിപ്പിക്കുക പതിവായിരുന്നു. ആ ധാരണയിലാവണം കാദർ അങ്ങിനെ പറഞ്ഞത്.
കേട്ടതും, ബാപ്പ കാദറിന് നേരെ തിരിഞ്ഞു:
“ങാ… നീയോ..? ബറാത്ത് ബർക്കത്ത് എന്നൊക്കെപ്പറഞ്ഞ് ആ വഴിക്കെങ്ങാനും വന്നാൽ അന്ന് തരാതെ വിട്ടത് ഇന്ന് നീ മേടിക്കും…”
ബാപ്പയുടെ ഭാവമാറ്റം കണ്ട കാദർ പിന്നെയവിടെ നിന്നില്ല. ബലിഷ്ഠങ്ങളായ കരങ്ങൾ ദേഹത്ത് വീഴുമെന്ന് അയാൾ ന്യായമായും ഭയപ്പെട്ടുകാണണം.
മൂന്ന് നാല് മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കൃത്യമായി പറഞ്ഞാൽ ബാപ്പ നാട്ടിലെത്തിയതിന്റെ അഞ്ചാം നാൾ. രണ്ടാം വർഷ പ്രീഡിഗ്രി അവസാന പരീക്ഷ കഴിഞ്ഞ് ശ്വാസംവീണ നേരം.
രാത്രി പന്ത്രണ്ട് മണി സമയത്ത് അസാധരണമായ ശബ്ദം കേട്ട് ഉണർന്നുനോക്കിയപ്പോൾ ബാപ്പയുടെ അറവാതില്‍ തുറന്നുകിടക്കുന്നു. പള്ളിക്ക് തൊട്ടടുത്ത വീടായതിനാൽ മുറിയിൽനിന്ന് നോട്ടമെത്തുന്നത് നൊച്ചിയും ആടലോടകവും നിറഞ്ഞ പള്ളിക്കാട്ടിലേക്കാണ്. ജന്നൽ തുറന്നുവെച്ച് പള്ളിക്കാട്ടിലേക്ക് നോക്കി ബാപ്പ എന്തൊക്കെയൊ ആക്രോശിക്കുന്നു. അവിടെനിന്നും പരിചിതമല്ലാത്ത ശബ്ദം കേൾക്കുന്നുമുണ്ട്.
പെട്ടെന്നാണ് ബാപ്പ, മുറിയുടെ മൂലയിൽ ചാരി വെച്ചിരുന്ന, കടൽക്കാക്കകളെയും കൊറ്റികളെയും വെടിവെക്കുന്ന എയർഗൺ കൈയ്യിലെടുത്ത് എന്നെ നോക്കി പറഞ്ഞത്:
“വാടാ…”
“പടച്ചോനെ, ഈ നട്ടപ്പാതിര നേരത്ത് ഇങ്ങളിപ്പം പുറത്തേക്ക് പോണ്ട.”
പേടിച്ചരണ്ട ഉമ്മ ബാപ്പയെ തടയാനൊരു വിഫല ശ്രമം നടത്തി.
ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും ബാപ്പയുടെ സ്വഭാവമറിയുന്ന എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അനുസരണയോടെ ബാപ്പയോടൊപ്പം വീടിന് പുറത്തിറങ്ങി. ഉമ്മയോട് വാതിലടച്ച് കിടക്കാൻ പറഞ്ഞുതീരും മുമ്പ് ഞങ്ങൾ പള്ളിക്കാട്ടിലെത്തി.
അവിടെ, കട്ടപിടിച്ച ഇരുട്ടിൽ അത്രയൊന്നും പ്രകാശമില്ലാത്ത പഴയൊരു പെട്രൊമാക്സിന്റെ വെളിച്ചത്തിൽ പ്രേതം പോലെ വിളറിയ മൂന്ന് നാല് മുഖങ്ങൾ, തണ്ണിങ്കോരിയുടേതും കടപ്പുറം പള്ളി ദറസിൽ പുതുതായി പഠിപ്പിക്കാൻ വന്ന താടി ഉസ്താദിന്റേതും മറ്റൊന്ന് നാട്ടിൽ അറിയപ്പെടുന്ന ഒരു തറവാട്ടിലെ പുതിയാപ്പിളയുടേതും പിന്നെ പെട്രോമാക്സ് പിടിച്ച് നിൽക്കുന്നത് യാസീൻ കാദറിന്റേതുമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ആദ്യം കാര്യമെന്തെന്ന് മനസ്സിലായില്ല. സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്.
പരീക്ഷ ജയിക്കാനും വിശേഷ ദിവസങ്ങളിലും സ്ഥിരമായി ചന്ദനത്തിരി കത്തിച്ചുവെക്കാറുള്ള വലിയ സീതിക്കോയ തങ്ങളുടെ മഖ്ബറക്ക് തൊട്ടടുത്തുള്ള പഴയൊരു ഖബർ തണ്ണിങ്കോരിയുടെ കയ്യിലുള്ള മൺവെട്ടി കൊണ്ടായിരിക്കണം, പാതിയോളം മണ്ണുമാന്തി തുറന്നുവെച്ചിരിക്കുന്നു!
“സത്യം പറഞ്ഞോ. എന്താ ഹംഖീങ്ങളെ നിങ്ങളുടെ പരിപാടി?”
ആജാനുബാഹുവും അരോഗദൃഢഗാത്രനും പോരാത്തതിന് കൈയ്യിൽ തോക്കുമേന്തി കൊണ്ടുമുള്ള ബാപ്പയുടെ ചോദ്യം കേട്ട് നാൽവർ സംഘം വിയർത്തു.
പുതിയാപ്പിള, തറവാട്ടിലെ രണ്ടാൺമക്കളെയും കാരണവരെയും ഇല്ലായ്മ ചെയ്ത് സ്വത്ത് കൈവശപ്പെടുത്താൻ താടി ഉസ്താദിന്റെ നിർദ്ദേശമനുസരിച്ച് കൊടിയ ആഭിചാരം നടത്താനുള്ള പുറപ്പാടാണ്.
അവിടെ, ഖബറിൽ നിന്ന് നീക്കം ചെയ്ത മൺകൂനക്ക് മുകളിൽ വിരിച്ച വെള്ളത്തുണിയിൽ അറബിയക്ഷരങ്ങളും ചിത്രപ്പണികളും ചെയ്ത കുറെ കോഴിമുട്ടകളും നിറയെ ആണിയടിച്ച ഒന്ന് രണ്ട് ചെന്തെങ്ങിൻ കരിക്കുകളും പിന്നെ കുറെ ചെമ്പ് തകിടുകളും കൂടാതെ തൊട്ടപ്പുറത്ത് തല്ലിക്കൊന്നിട്ടിരിക്കുന്ന ഒരു കരിമ്പൂച്ചയുടെ ജഡവും കിടപ്പുണ്ടായിരുന്നു.
ഖബർ തുറന്ന് അതിനകത്തുള്ള തലയോട്ടിയോട് ചേർത്ത് ഇവയെല്ലാം കൂടി നിക്ഷേപിച്ച ശേഷം മൂടുകല്ല് എടുത്ത് വച്ച് നേരം വെളുക്കുന്നതിന് മുമ്പായി പൂർവ്വസ്ഥിതിയിലാക്കണം, അത്രയേ ചെയ്യേണ്ടൂ.
“ആരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്?”
“ഉസ്താദാണ്.”
പുതിയാപ്പിള പറഞ്ഞുതീർന്നതും ഒന്നിന് പിറകെ മറ്റൊന്നായി രണ്ട് ഓലപ്പടക്കം പൊട്ടി. ചെകിടടച്ച് അടി കിട്ടിയ ഉസ്താദും തണ്ണിങ്കോരിയും മൂക്കും കുത്തി ഖബറിന്മേൽ വീണു. ബാപ്പ അടുത്തതായി യാസീൻ കാദറിന് നേരേ തിരിഞ്ഞു.
അയാൾ വലിയ വായിൽ കരഞ്ഞുകൊണ്ട് പറഞ്ഞു:
“അള്ളാണ ഇക്കാ, ഞമ്മക്ക് ഒന്ന്വറിയൂലാ… ഖബറും പൊറത്ത് യാസീൻ ഓതാനുണ്ടെന്ന് പറഞ്ഞു വിളിച്ച് കൊണ്ടോന്നതാ, മാപ്പാക്കണം…”
മനസലിഞ്ഞത് കൊണ്ടാണോ, ആ ശരീരത്തിന് അടി താങ്ങാനുള്ള ശേഷിയില്ലായെന്ന് തോന്നിയതിനാലാണൊ എന്നറിയില്ല, കാദറിനെ വിട്ട് ബാപ്പ പുതിയാപ്പിളയിലേക്ക് നീങ്ങി. അയാൾ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു:
“പൊന്ന് ഇക്കാ പൊറുത്ത് തരണം. പറ്റിപ്പോയി… ഞാൻ കാല് പിടിക്കാം. ഇതാരോടും പറയരുത്. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”
എന്തോ… ബാപ്പ ആരോടും ഒന്നും പറയാൻ പോയില്ല.
എങ്കിലും താടി ഉസ്താദിന്റെ പൊടിപോലും ദേശവാസികൾ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല. തണ്ണിങ്കോരി ദൂരെയെവിടെയൊ ഉള്ള ഏതോ പള്ളിയിലേക്ക് തട്ടകം മാറ്റി. പുതിയാപ്പിള ബാംഗ്ളൂരിലേക്ക് വണ്ടി കയറിയെന്നും കേട്ടു. കാദർ മാത്രം ഒന്നുമറിയാത്തവനെ പോലെ പരിചിതത്വത്തിന്റെയും അപരിചിതത്വത്തിന്റെയും തെരുവീഥികളിൽ അലയാൻ വിധിക്കപ്പെട്ട അഭയാർത്ഥിയെ പോലെ കടപ്പുറം പള്ളിയെ വലം വെച്ചു കൊണ്ടു തന്റെ കർമ്മമനുഷ്ഠിച്ചു പോന്നു.
മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പ്രവാസത്തിന്റെ കാഠിന്യമത്രയും അതിന്റെ മൂർച്ചയേറിയ ഭാവത്തിൽ അനുഭവച്ചറിഞ്ഞ മൂന്നര വർഷത്തിനുശേഷമുള്ള ആദ്യ അവധിക്ക് നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം കണി കണ്ടത് കാദറിനെയാണ്. കുശലാന്വേഷണത്തിന് ശേഷം അകത്ത് ചെന്ന് ഒരമ്പത് രൂപയെടുത്ത് കൈയ്യിൽ വെച്ച് കൊടുത്തപ്പോൾ, നോട്ട് നിവർത്തി നോക്കി ഭാവലേശമേതുമില്ലാതെ കാദർ പറഞ്ഞു:
“സാബൂ… ഞ്ഞി സൗദീലല്ലേ? സൗദിക്കാരോട് നൂറാ ഞാൻ മാങ്ങല്… പോകുമ്പോ അയ്മ്പത് തന്നാ മതി.”
“അതെന്താ കാദർക്കാ അങ്ങിനെ?”
ഞാൻ ചോദിച്ചു.
“ബർക്കത്ത്ള്ള മണ്ണല്ലെ മോനെ സഊദി. അത് കൊണ്ട് ഞാക്ക് നൂറെങ്കിലും മാണം. പിന്നെ തിരിച്ച് പോകുമ്പൊ ങ്ങളെ ബർക്കത്ത് കൂടാനാ അയ്മ്പത് മാങ്ങുന്നത്.”
ഓർമകളിൽ ഊറിക്കൂടുന്ന കണ്ണുനീർ തുള്ളികളും ഗൃഹാതുരതയും ഏകാന്തവാസവും ഒറ്റപ്പെടലുകളുമെല്ലാം കൂടി കുഴഞ്ഞ് അവധി നാളുകൾ വീണ്ടും വീണ്ടും വന്നും പോയുമിരുന്നു. അപ്പോഴൊക്കെ ഒരവധൂതനെപ്പോലെ കാദർ കാണാനെത്തുകയും കാലാനുസൃതമായ മാറ്റങ്ങളോടെ ബർക്കത്തുള്ള പണം വാങ്ങി പോവുകയും ചെയ്തുകൊണ്ടിരുന്നു.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
പിന്നീടെപ്പോഴാണെന്നറിയില്ല, ഒരൊഴിവുകാലത്ത് ഉമ്മറമുറ്റത്തിരുന്ന് നാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ഉമ്മയോട് ചോദിച്ചു:
“ഉമ്മാ, ഇത്തവണ കാദർക്കയെ കണ്ടില്ലല്ലൊ?”
“നീയറിഞ്ഞില്ലേ മോനേ, ഞാൻ പറയാൻ മറന്നു. പാവം മരിച്ചുപോയി. രണ്ടുമാസം മുമ്പ്.”
അരുതാത്തതെന്തോ ചെയ്തുപോയ മുഖഭാവത്തോടെ ഉമ്മ പറഞ്ഞു.
കാദർ എന്ന മനുഷ്യൻ എന്റെ ആരുമല്ലായിരുന്നിട്ടും പൊടുന്നനെയാ മരണവാർത്ത കേട്ടപ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതുപോലെ തോന്നി.
ആധുനികതയിലേക്ക് അതിശീഘ്രം നാട് കുതിച്ചുപായുമ്പോഴും ഗതകാലവിഭൂതികൾ അയവിറക്കി ഖുർആൻ വചനങ്ങളും മാലാപ്പാട്ടുകളും ബൈത്തുകളും ഈണത്തിൽ പാടി ദാരിദ്ര്യത്തിന്റെ കരിമ്പടക്കെട്ടിൽ നിറവയർ മാത്രം സ്വപ്നം കണ്ടിരിക്കെ കാണാമറയത്തേക്ക് കടന്നുപോയ ഒരു പാവം മനുഷ്യനെക്കുറിച്ച് അകാരണമായി, എന്നാൽ അവഗാഡമായി ചിന്തിച്ചുപോകുന്നു, സ്വന്തം നഫ്സിനായി എന്നെങ്കിലുമൊരിക്കൽ ഒരു യാസീനെങ്കിലും അയാൾ പാരായണം ചെയ്തുകാണുമോ?
അല്ലെങ്കിൽ തന്നെ, മുടിയുടെ പേരിൽ, നഖത്തിന്റെ പേരിൽ, പള്ളികൾ പണിതും ചെരുപ്പിന്റെ രൂപമുണ്ടാക്കിയും മതത്തെയും വിശ്വാസത്തെയും വിറ്റ് കീശവീർപ്പിക്കുന്ന പൗരോഹിത്യമേലാളന്മാൻ അതിമാനുഷരായി അരങ്ങുവാഴുന്നത് കെട്ടുകാഴ്ചകളായി മാറുമ്പോൾ, വീടുകൾതോറും കയറിയിറങ്ങി അഞ്ചെട്ടുവയറുകളുടെ പൈദാഹമകറ്റാൻ അയാൾ ഓതി വെച്ചതത്രയും ഒരുപക്ഷെ അയാൾക്കുവേണ്ടി തന്നെയായിരുന്നില്ലെന്നാര് കണ്ടു?
ശിഹാബ് കൊയിലാണ്ടി
മൂന്ന് പതിറ്റാണ്ടിലേറെ കാലമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്. സൗദിയിലെ അല്‍ഖോബറില്‍ കൊമേഴ്‌സ്യല്‍ ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ്സില്‍ മാനേജരായി ജോലി ചെയ്യുന്നു. എലത്തൂര്‍ സി.എം.സി സ്‌കൂള്‍, കൊയിലാണ്ടി ഗവ. മാപ്പിള സ്‌കൂള്‍, കൊയിലാണ്ടി ഹൈസ്കൂൾ, എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജ് കൊയിലാണ്ടി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊയിലാണ്ടി കുഞ്ഞിശൈഖിന്റെയും എലത്തൂർ തൈവളപ്പില്‍ ഫാത്തിമാബിയുടെയും മകനാണ്. ഭാര്യ ബാസിഹാന്‍ വീട്ടമ്മ. മൂന്ന് മക്കൾ. മൂത്ത മകൻ നിബ്‌റാസ് (അല്‍ഖോറില്‍ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍), മകൾ ഖദീജ (അല്‍ഖോബറില്‍ അറബിക് അധ്യാപിക), ഇളയ മകൻ ഷഹബാസ് (അല്‍ഖോബറില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്). എഴുത്തുകാരനും ഗായകനും ചിത്രകാരനുമായ ശിഹാബ് കൊയിലാണ്ടി നിരവധി സാംസ്‌കാരിക-സാഹിത്യ സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.