‘പാടാനായി ഷഹബാസ്‌ എത്തും, കൊയിലാണ്ടിക്കൂട്ടത്തിനായി’; കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ ഒക്ടോബർ 23 ന് ഒരുക്കുന്ന പരിപാടിയിൽ ഷഹബാസ് അമൻ പാടും


കൊയിലാണ്ടി: മനസ്സുകളിൽ പാട്ടിന്റെ നറു മഴ പെയ്യിക്കാൻ ഷഹബാസ് അമൻ എത്തുകയാണ്, കൊയിലാണ്ടിക്കൂട്ടത്തിനായി. ഒക്ടൊബർ 23 ന് ദുബായിലെ ഷെയ്ക്ക്‌ റാഷിദ്‌ ഓഡിറ്റോറിയത്തിലാണ് സംഗീത മഴ പെയ്യുക. ദീർഘകാലത്തിനു ശേഷം ദുബായിൽ പാടാൻ വരുന്നതിനു വേണ്ടി എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഷഹബാസ്. കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ ഒരുക്കുന്ന സംഗീത വിരുന്നിലാണ് ഷഹബാസ് പാടുന്നത്.

ഗസൽ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഷഹബാസ് അമൻ. ആഷിയാന-ന്യൂജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ…, അലകൾക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അൽബങ്ങൾ. പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവൻ, ചാന്തുപൊട്ട്,അന്നയും റസൂലും മായാനദി തുടങ്ങിയ സിനിമകളിൽ പാടുകയും പരദേശി, പകൽ നക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി സ്പിരിറ്റ് എന്നീ സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

റഫീക്ക് അഹമ്മദിൻറെ ‘മഴ കൊണ്ടുമാത്രം’, അന്നയും റസൂലിലെയും കായലിനരികെ, വെള്ളത്തിലെ അലശമായവളെ തുടങ്ങിയ പിന്നണി ഗാനങ്ങൾ പാടിയതോടെ തന്റെ അതിമനോഹരമായ ശബ്ദത്തോടൊപ്പം ഓരോ മലയാളിയുടെയും മനസ്സിലേക്ക് അഹഹബാസ് ഒരു മഴയായി പെയ്തിറങ്ങുകയായിരുന്നു.

‘പറഞ്ഞ വരയിൽ നിൽക്കാത്ത എന്തിനെയും പണ്ട്‌ പറഞ്ഞിരുന്ന ഒരു വാക്കോർമ്മയുണ്ടോ? കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്കെന്ന്!,
അത്‌ പോലെ, പറഞ്ഞ വരയിൽ നിൽക്കാത്ത പാട്ടിനു പറയുന്ന പേരാണു ‘ ഷഹബാസ്‌ പാടുന്നു’ എന്നത്‌!’ ഇക്കുറി കൊയിലാണ്ടിക്കൂട്ടത്തിനു
തന്റെ ഗാനങ്ങളും അങ്ങനെ തന്നെ ആവട്ടെ എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഷഹബാസ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

ഈ പോസ്റ്ററിൽ കാണുന്നത്ര സുന്ദരനോ പാവമോ ‘നന്മ’ നിറഞ്ഞവനോ അല്ല ട്ടൊ😅. ചന്ദ്രബിംബം നെഞ്ചിലേറ്റുന്ന പുള്ളിമാനുമല്ല! എങ്കിലും വരൂ! നമുക്ക്‌ കുറച്ച്‌ നേരം ഒന്നിച്ച്‌ ഇരിക്കാം ! ദീർഘ കാലത്തെ ഇടവേളക്ക്‌ ശേഷം വീണ്ടും ദുബൈയിൽ പാടാൻ വരികയാണു ഈ വരുന്ന ഒക്ടൊബർ 23 നു ഷെയ്ക്ക്‌ റാഷിദ്‌ ഓഡിറ്റോറിയത്തിലേക്ക്‌! എൻട്രി ഫ്രീ!

‘വലയിലകപ്പെട്ട മാൻ’ എന്ന ഒരു അർത്ഥസങ്കൽപ്പം ഗസലിനുള്ളതായി ഒരിക്കൽ ഒരു പഠനത്തിൽ വായിച്ചത്‌‌ ഈ പോസ്റ്റർ കണ്ടപ്പോൾ‌ വീണ്ടും‌ ഓർത്ത്‌ പോയി! ഗസാല എന്ന പദത്തിനു മാൻ എന്ന് അർത്ഥം ഉള്ളത്‌ കൊണ്ട്‌ ആ വഴിക്കുണ്ടായ ഒരു സങ്കൽപ്പനം ആവാം ഒരു പക്ഷേ അത്‌! ഒരു ശ്രോതാവെന്ന നിലയിൽ ഉസ്താദ്‌ മെഹ്ദി ഹസ്സനെ കേൾക്കാൻ തുടങ്ങിയതിൽ പിന്നീടാണു‌ ആഴത്തിലുള്ള ആ സംജ്ഞയുടെ സാംഗത്യം പതുക്കെ ബോധ്യപ്പെടാൻ തുടങ്ങിയത്‌. കാലങ്ങൾക്ക്‌ ശേഷം ഇന്റർന്നെറ്റ്‌ സെർച്ച്‌ സോഴ്സുകളിൾ ഒന്നാം സ്ഥാനമുള്ള യൂറ്റ്യൂബിലൂടെ ആ സംഗീതമനീഷി പാടുന്നത്‌ കാണുകയും കൂടി ചെയ്തപ്പോൾ “വലയിലകപ്പെട്ട മാൻ” എന്ന വിശദാംശം ഗസൽ എന്ന വാക്കിന്റെ അഗാധമായ മറ്റൊരു അർത്ഥതലം ആകുന്നത്‌ എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാവുകയും ചെയ്തു! വിശദമായി പിന്നെപ്പറയാം!

ഒരു ഗസൽ ഗായകനല്ലാത്തതിന്റെ പൂർണ്ണ സ്വാതന്ത്ര്യം പാടുമ്പോൾ അനുഭവിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും‌ “ഷഹബാസ്‌ പാടുന്നു” എന്ന ടൈറ്റിലിനുള്ളതാണു! രണ്ടായിരം മുതൽക്ക്‌ മലയാളത്തിൽ നിന്ന് അത്‌ തുടങ്ങുന്നു! ‌ രാവിലെ മുത്ത്‌പോലത്തെ ഒരു കാലിച്ചായ കുടിക്കുന്നത്‌ മലയാള ഭാഷയിലാണു ! അത്‌ വിട്ടൊരു കളിക്കും ഇല്ല; മലയാളത്തിലല്ലാതെ കഴിയുകയുമില്ല! മറ്റുള്ളവർ ‘ഗസൽഗായകൻ’ എന്ന് വിളിക്കുന്നതിന്റെ ഉത്തരവാദിത്തം ഒരുകാലത്തും സ്വയം ഏറ്റെടുക്കാൻ തയ്യാറേയല്ല; അരപ്പണത്തൂക്കം അതിനർഹതയില്ലാത്തതിനാൽ! അപ്പോൾ ചോദിക്കും ഇപ്പോൾ പാടുന്ന ഗീത്/ഗസലുകളൊക്കെയോ എന്ന് ! അത്രക്ക്‌ ഇഷ്ടമായത്‌ കൊണ്ട്‌ മാത്രമാണവയിൽ ചിലത്‌ പാടുന്നത്‌! അല്ലാതെ പുറം സമ്മർദ്ധങ്ങൾക്കു വഴങ്ങിയിട്ടോ കുർത്തയും ഷാളും ധരിക്കുന്നത്‌ കൊണ്ടോ അല്ല! പാടുന്ന പാട്ടുകളുടെ അർത്ഥത്തിനപ്പുറം ഉറുദു ഭാഷയിൽ ചിന്തിക്കാനോ പ്രണയിക്കാനോ വേദനിക്കാനോ സങ്കടപ്പെടാനോ സന്തോഷിക്കാനോ അറിയില്ല! എന്നാൽ ഇതെല്ലാം സ്വന്തം മലയാളത്തിൽ ആവോളം കഴിയുകയും ചെയ്യും! മാതൃഭാഷക്കും അതിന്റെ വൈവിധ്യത്തിനും എക്കാലത്തേക്കും‌‌ നന്ദി! അറിയാത്ത ഭാഷയിലുള്ള പാട്ടുകളുടെ അർത്ഥവും മറ്റു വിശദാംശങ്ങളും പറഞ്ഞുപഠിപ്പിച്ചു തരുന്നവർക്കും നന്ദി!

ചുരുക്കിപ്പറഞ്ഞാൽ,സ്വന്തം തോളുകൾക്കും കാലുകൾക്കും താങ്ങാനാവുന്നതല്ല യഥാർത്ഥ ഗസലുകളുടെ ഭാരമെന്ന് തുടക്കം തൊട്ടേ തിരിച്ചറിഞ്ഞിട്ടുള്ളത്‌ കൊണ്ടും കഴിയാത്ത കാര്യം കഴിയുമെന്ന് നടിച്ച്‌ ഏറ്റിക്കൊണ്ട്‌ നടന്ന് തളരേണ്ട യാതൊരു കാര്യവുമില്ലാത്തതിനാലും ഹൃസ്വമായ ഈ ജീവിതം ഒരിക്കലെങ്കിലും ‌ പാരതന്ത്ര്യ ഭാരമന്യേ അനുകരണങ്ങളൊന്നുമില്ലാതെ സ്വന്തം നിലക്ക്‌ പാടി ജീവിക്കാനുള്ള കൊതികൊണ്ടുമാണു ‘ഷഹബാസ്‌ പാടുന്നു’ എന്ന പേർ സ്വീകരിച്ചത്‌! ആ പേരിനെ അന്വർത്ഥമാക്കും വിധം നമുക്ക്‌ നമ്മുടെ സ്വന്തം പാട്ടുകൾ മാത്രം പാടിയിരിക്കാൻ ഒരിക്കൽ വിധിയുണ്ടാകട്ടെ ! എല്ലാവരും കൂടെയുണ്ടാകുമല്ലൊ !

‘ഷഹബാസ്‌ പാടുന്നു’ എന്ന് പറയുമ്പോഴുള്ള, അങ്ങനെ പാടുമ്പോഴുള്ള ആ അനുഭവ സ്വാതന്ത്ര്യമുണ്ടല്ലോ! പുറമേക്ക്‌ എത്ര ചെറുതാണെങ്കിലും അതിനെന്തൊരു ഉൾവിസ്താരമാണെന്നോ !! കാഴ്ചയിൽ എത്ര ചുരുങ്ങിയതാണെങ്കിലും അതിനെന്തൊരു ഇലാസ്തികതയാണെന്നോ!! അറിവില്ലാത്തവന്റെ ധിക്കാരപ്പാട്ട്‌ ഹൃദയപൂർവ്വം സ്വീകരിച്ചവർക്കെല്ലാം നന്ദി!

“ഷഹബാസ്‌ പാടുന്നു” എന്നതിനെ “ഷഹബാസ്‌ പാടുന്നു” എന്ന് തന്നെ മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും ഇതുവരെയുള്ള എല്ലാ സംഘാടകർക്കും ഹൃദയത്തിൽ നിന്നും നന്ദി! മുൻവിധികളോ മുന്നനുഭവങ്ങളോ ഇല്ലാത്തവരെപ്പോലെ വരൂ സ്നേഹങ്ങളേ…നമുക്ക്‌ ആദ്യമായിട്ടെന്ന പോലെ പാടിയും കേട്ടും ഇരിക്കാം! ഓരോ രാത്രികളുടെയും അവകാശം അതാതു രാത്രികൾക്ക്‌ വിട്ട്കൊടുക്കാം ! ഒരു രാവും മറ്റൊരു രാവല്ല!

പറഞ്ഞ വരയിൽ നിൽക്കാത്ത എന്തിനെയും പണ്ട്‌ പറഞ്ഞിരുന്ന ഒരു വാക്കോർമ്മയുണ്ടോ? കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്കെന്ന്!
അത്‌ പോലെ, പറഞ്ഞ വരയിൽ നിൽക്കാത്ത പാട്ടിനു പറയുന്ന പേരാണു ‘ ഷഹബാസ്‌ പാടുന്നു’ എന്നത്‌! അതാവട്ടെ,ഇക്കുറി കൊയിലാണ്ടിക്കൂട്ടത്തിനു വേണ്ടിയും! “പടച്ചോനേ ഇങ്ങള് കാത്തോളി”!

നന്ദി! എല്ലാവരോടും സ്നേഹം…💕🦋🦌