മോശം ഭക്ഷ്യവസ്തുക്കള്‍ വിറ്റാല്‍ പിടിവീഴും, അനധികൃത മദ്യവില്‍പ്പനയും തടയും, വെടിക്കെട്ട് പൂര്‍ണ സുരക്ഷാക്രമീകരണങ്ങളോടെ; പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര താലപ്പൊലി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. മാര്‍ച്ച് 14 മുതല്‍ 20വരെയാണ് ഉത്സവം.

ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തഹസില്‍ദാര്‍ സി.പി. മണിയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്നു. ഉത്സവനാളുകളില്‍ മോശം ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് പരിശോധന നടത്തും. അനധികൃത മദ്യവില്‍പ്പന തടയാന്‍ എക്‌സൈസ് വകുപ്പ് ജാഗ്രതപുലര്‍ത്തും.

ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പൂര്‍ണ സുരക്ഷാക്രമീകരണങ്ങളോടെ നടത്തും. എഴുന്നള്ളത്തിനുള്ള ആനകള്‍ക്കായി എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കും.

യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഷീബ അധ്യക്ഷയായി. പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍, ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, ബേബി സുന്ദര്‍രാജ്, എ.എം.വി.ഐ. അനൂപ്, എച്ച്.ഐ. എന്‍. രാജന്‍, ആര്‍.എഫ്.ഒ. ബിജേഷ് കുമാര്‍, ക്ഷേത്രഭാരവാഹികളായ രഞ്ജിത്ത് ശ്രീധര്‍, ഗോവിന്ദന്‍നായര്‍, യു.വി. ബാബുരാജ്, എക്‌സി. ഓഫീസര്‍ ടി.ടി. വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.