കോലുമുയര്‍ത്തി താളത്തില്‍ കൊട്ടി അറബിയും; തിക്കോടി കോടിക്കലില്‍ ജമാല്‍ ഗുരുക്കള്‍ക്കൊപ്പം ചുവടുവെച്ച് കുവൈറ്റിലെ ഡോ.ഫലാഹ് അല്‍ ഹജ്രി- വീഡിയോ കാണാം


പയ്യോളി: ജമാല്‍ ഗുരുക്കളും ശിഷ്യന്‍മാരും കോല്‍ക്കളി തുടങ്ങിയതോടെ കുവൈറ്റില്‍ നിന്നെത്തിയ അറബിയ്ക്ക് വെറുതെ കാഴ്ചക്കാരനായി അധികനേരം നില്‍ക്കാനായില്ല. അദ്ദേഹവും കളിക്കാര്‍ക്ക് നടുവില്‍ നിന്ന് താളത്തില്‍ കോല്‍ക്കളി തുടര്‍ന്നു. കഴിഞ്ഞദിവസം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കോല്‍ക്കളി പരിശീലിക്കാനെത്തിയ അറബി പ്രദേശവാസികള്‍ക്ക് കൗതുകക്കാഴ്ചയായി.

അറബി അത്ര സാധാരണക്കാരനല്ല, കുവൈറ്റ് പാര്‍ലമെന്റ് മെമ്പറാണ്. ഡോ. ഫലാഹ് അല്‍ ഹജ്രിയെന്നാണ് പേര്. തിക്കോടിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം ഒരു നാടിന്റെ മുഴുവന്‍ സ്‌നേഹം ഏറ്റുവാങ്ങിക്കൊണ്ട് നാളെ രാവിലെ മടങ്ങാനിരിക്കുകയാണ്.

ഏരത്ത് മീത്തല്‍ ദാറുല്‍ ഖുര്‍ആന്‍ സെക്കണ്ടറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം. കുറച്ചുദിവസം തിക്കോടിയില്‍ താമസിച്ച് നാടിന്റെ സ്‌നേഹം അറിഞ്ഞാണ് മടക്കയാത്ര.

ദഫ്മുട്ടിന്റെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെയാണ് തിക്കോടിക്കാര്‍ അറബിയെ എതിരേറ്റത്. ചുരുങ്ങിയ ദിവസം മാത്രമേ തിക്കോടിക്കാര്‍ക്കിടയിലുണ്ടായിരുന്നുവെങ്കിലും ഈ നാടിനെക്കുറിച്ചും ഇവിടുത്തെ കലാപാരമ്പര്യത്തെക്കുറിച്ചുമുള്ള ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടാവും അദ്ദേഹത്തിന്റെ മടക്കം.