ജില്ലയില്‍ തപാല്‍ വോട്ടിംഗിന് തുടക്കം; ഇന്നലെ പോള്‍ ചെയ്തത് 228 തപാല്‍ വോട്ടുകള്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള തപാല്‍ വോട്ടിംഗിന് ജില്ലയില്‍ തുടക്കമായി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലാണ് തപാല്‍ വോട്ടിംഗ് നടന്നത്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി തപാല്‍ വോട്ടിംഗ് പക്രിയ വിലയിരുത്തി.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന വെസ്റ്റിഹില്‍ പോളിടെക്നിക്, ഗവ ലോ കോളേജ്, ജെഡിടി ഇസ്ലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വെള്ളിമാട്കുന്ന്, മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നീ കേന്ദ്രങ്ങളാണ് കലക്ടര്‍ സന്ദര്‍ശിച്ചത്.
ആദ്യ ദിനത്തില്‍ (വ്യാഴം) 228 ഉദ്യോഗസ്ഥരാണ് തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനത്തില്‍ 3988 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സ്വന്തം മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കാണ് ഏപ്രില്‍ 20 വരെ തപാല്‍ വോട്ട് ചെയ്യാനാവുക. തുടക്കത്തില്‍ അതത് ജില്ലയില്‍ നിന്നുള്ളവര്‍ക്കും മറ്റ് ജില്ലക്കാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും വോട്ട് രേഖപ്പെടുത്താനാവും.