അര്‍ധരാത്രിയിലും തീരാത്ത വോട്ടിംങ് ആവേശം; ജില്ലയില്‍ പോളിംങ് അവസാനിച്ചത് 11.47 ന്, കൊയിലാണ്ടിയില്‍ 76.72 ശതമാനം പോളിംങ്


കോഴിക്കോട്: വോട്ടെടുപ്പിന്റെ അവസാന നിമിഷത്തില്‍ വോട്ടര്‍മാര്‍ ഒഴുകിയെത്തിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആവേശകരമായ പോളിങ്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ രാവിലെമുതല്‍ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊയിലാണ്ടിയില്‍ 76.72 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്.

വൈകീട്ട് 6 മണിയ്ക്ക് ശേഷം വോട്ട്‌ചെയ്യാനായി എത്തിയവരുടെ നീണ്ട നിരയാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 6 മണിയ്ക്ക് ആരംഭിച്ച വോട്ടിംഗ് രാത്രി 11.47 ഓടുകൂടിയാണ് അവസാനിച്ചത്. 6 മണിയ്ക്ക് ശേഷം എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്. വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്.

വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം വോട്ടെടുപ്പ് തീര്‍ന്നത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. ചില സ്ഥലങ്ങളില്‍ രാത്രി വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ടെടുപ്പ് 2 മണിക്കൂറിലധികം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷമാണ് വോട്ടെടുപ്പ് തുടര്‍ന്നത്.

വടകരയില്‍ പോളിംഗ് രാത്രി വൈകിയും നടന്നത് അട്ടിമറിയുടെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എല്‍ഡിഎഫിന് മേല്‍ക്കെയുള്ള ബൂത്തുകളില്‍ സാധാരണ നിലയില്‍ വോട്ടെടുപ്പ് നടന്നെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

അതേ സയം നാദാപുരം വാണിമേലില്‍ ഇന്നലെ പ്രിസൈഡിംഗ് ഓഫീസറെഎല്‍ഡിഎഫ് ഉപരോധിച്ചു. വോട്ടിംഗ് സമയം കഴിഞ്ഞും എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്രസ്റ്റ് ഹൈസ്‌ക്കൂളിലെ 84-0ാം ബൂത്തില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് പരാതി. നേരത്തെ ബൂത്തിലുണ്ടായവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അവസാന നിമിഷത്തിലെ പോളിംങ് ശതമാനം ഇങ്ങനെ

വടകര: 79.08%
കുറ്റ്യാടി: 77.64%
നാദാപുരം: 77.30%
കൊയിലാണ്ടി: 76.72%
പേരാമ്പ്ര: 79.40%
തലശ്ശേരി: 76.01%
കൂത്തുപറമ്പ്: 76.31%
തിരുവമ്പാടി: 73.38%

ബാലുശ്ശേരി: 76.58%
എലത്തൂര്‍: 77.36%
കോഴിക്കോട് നോര്‍ത്ത്: 70.95%
കോഴിക്കോട് സൗത്ത്: 71.87%
ബേപ്പൂര്‍: 74.89%
കുന്നമംഗലം: 78.15%
കൊടുവള്ളി: 76.31%