ഒളിവിൽ കഴിഞ്ഞത് തമിഴ്നാട് ആനക്കെട്ടിയിൽ; ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ കുടുക്കി നാദാപുരം പോലീസ്
വടകര : ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ പ്രതി അറസ്റ്റിൽ. കായപ്പനച്ചി സ്വദേശി
പുതുക്കുൽ താഴെക്കുനി ഷൈജു (39)വിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വച്ചാണ് ഷൈജു അറസ്റ്റിലായത്. അവിടെ ഒളിവിൽ കഴിയുന്ന രഹസ്യ വിവരം കേസന്വേഷിക്കുന്ന നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്തിന് ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്.പി യുടെ സ്പെഷൽ സ്ക്വാഡ് ടീമാണ് ഷൈജുവിനെ പാലക്കാടെത്തി കസ്റ്റഡിയിലെടുത്തത്.
കുത്തേറ്റ പോലീസുകാരൻ അഖിലേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൈജു അടക്കം കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. നേരത്തെ ആഗ് ഓപറേഷനില്‍ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട യുവാവാണ് ഷൈജു.
നാദാപുരം വളയം, തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കേസുകളിലും, തീവെപ്പ്, അടിപിടി കേസുകളിലും പ്രതിയായിരുന്നു. 2021ല്‍ നാദാപുരം പൊലീസ് ഗുണ്ട ലിസ്റ്റില്‍ പെടുത്തിയതിനെ തുടര്‍ന്ന് നല്ല നടപ്പ് നിര്‍ദേശിച്ച് ആര്‍.ഡി ഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇരിങ്ങണ്ണൂര്‍ എടച്ചേരി റോഡില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തീ വെച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഗുണ്ട-മയക്കു മരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ ആഗില്‍ ഷൈജുവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പുതിയ കേസുകളില്‍ ഉള്‍പ്പെടാത്തതിനാലും പഴയ കേസുകളില്‍ ജാമ്യത്തില്‍ ആയതിനാലുമാണ് വിട്ടയച്ചത്.
എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ നടുവണ്ണൂര്‍ സ്വദേശി അഖിലേഷിനാണ് (33) കുത്തേറ്റത്.
കാലിന്റെ തുടയില്‍ ആഴത്തില്‍ മുറിവേറ്റ പൊലീസുകാരന്‍ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ചുവരുകയാണ്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ശീട്ടുകളി നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസിന്റ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തി യതോടെ ചൂതാട്ടത്തിനെ ത്തിയവര്‍ ചിതറി ഓടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതിനിടെ, പൊലീസുകാരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. അറസ്റ്റിലായ ഷൈജുവിനെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.