എടോടി ബീവറേജിലും ഹോട്ടലിലും ഷഫീക്കിനെയും കൊണ്ട് പൊലീസ്; വടകരയിലെ രാജന്‍ കൊലക്കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു


വടകര: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീക്കുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന രാജന്റെ കടയിലും സമീപത്തുള്ള ഹോട്ടലിലും പ്രതി താമസിച്ചിരുന്ന താഴെയങ്ങാടിയിലെ വാടകവീട്ടിലും വടകര പഴയ ബസ്റ്റാൻഡ് പരിസരത്ത് ഇടറോഡിലെ ഇ.എ ട്രേഡേഴ്സ് സ്ഥാപനത്തിലും എത്തിച്ചു തെളിവെടുത്തു.

കൊലപാതകം നടന്ന കടയുടെ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നായിരുന്നു പ്രതി കൊലപാതകം നടന്ന ദിവസം രാത്രി വെള്ളം വാങ്ങിയിരുന്നത്. ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് പിന്നീട് കേസിൽ വഴിത്തിരിവായത്. വടകര എടോടിയിലെ ബീവറേജിലും എത്തി തെളിവെടുത്തു. കൊല്ലപ്പെട്ട രാജന്റെ ഒപ്പം ബീവറേജിൽ നിന്നും മദ്യം വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതി മോഷ്ടിച്ച സ്വർണാഭരണങ്ങളും ബൈക്കും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 25നാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയില്‍ വ്യാപാരിയായ രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വ്യാപാരിയുടെ സ്വര്‍ണാഭരണങ്ങളും ബൈക്കും പ്രതി കൈക്കലാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയായ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്.

പ്രതി സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകരയിത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.