ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളില്‍ കയറി ആത്മഹത്യാ ശ്രമം; നിര്‍ണായക സമയത്ത് സ്വന്തം ജീവന്‍ പോലും നോക്കാതെ ഇടപെട്ട് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസര്‍


പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവന്‍ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസര്‍. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവന്‍ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്.

ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം പൂവത്തുംചോല സ്വദേശിയായ സന്തോഷിന്റെ വീട് ജപ്തി ചെയ്യാനെത്തിയതായിരുന്നു അഡ്വ.കമ്മീഷനും സംഘവും. ഇവിടെ ആമീന്‍ എയ്ഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു സജിത്ത്.

വീട്ടിലെത്തി വീട്ടുടമയെ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, അദ്ദേഹം പെട്ടെന്ന് അകത്തുകയറി വാതിലടച്ചു. മുറിയ്ക്കുള്ളില്‍ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും സ്വയം ദേഹത്തൊഴിക്കുകയും ചെയ്തു. ലൈറ്ററെടുത്ത് കത്തിക്കാനായി ശ്രമിക്കുന്നത് ജനലിലൂടെ കണ്ട സജിത്ത് ഉടന്‍ തന്നെ വാതില്‍ ചവിട്ടിത്തുറന്ന് വീട്ടുടമയെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമയെ എല്ലാവരും ചേര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു.

നിര്‍ണായക സമയത്ത് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ ഇടപെട്ട സജിത്തിന് നാട്ടുകാരുടെയും സേനയുടെയും അഭിനന്ദന പ്രവാഹമാണ്.