പ്രവൃത്തിയില്‍ വീഴ്ച വരുത്തിയ കരാറുകാരനെ നീക്കം ചെയ്തത് ഗുണം ചെയ്തു; നവീകരണം പൂര്‍ത്തിയാക്കി പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ്


പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കടന്നു പോകുന്ന പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ് നവീകരണം പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പ്രവൃത്തിയില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്താണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.

നവീകരിച്ച റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ചുരുക്കം ചിലരൊഴിച്ചാല്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുന്നവരാണ്. എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ തെറ്റായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കരാറുകാരോട് കര്‍ക്കശമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി വിശിഷ്ടാതിഥിതിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു.കെ.കെ, കെ.സുനില്‍, വൈസ് പ്രസിഡന്റ് വി.എം.അനൂപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ പൂളക്കണ്ടി കുഞ്ഞമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ജയശ്രീ യു.പി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.രഞ്ജി നന്ദിയും പറഞ്ഞു.