പരിസര ശുചിത്വം ഉറപ്പുവരുത്താന്‍; മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗം നടത്തി പേരാമ്പ്ര പഞ്ചായത്ത്
പേരാമ്പ്ര: മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടിയുള്ള യോഗം സംഘടിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും കീഴിലുള്ള പേരാമ്പ്ര, നൊച്ചാട് ,ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ പഞ്ചായത്തുകളില്‍ നടത്തിയ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്.
പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി അതത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വിശദീകരിച്ചു. പഞ്ചായത്ത് തല ഇന്റര്‍ സെക്ടര്‍ കോ ഓര്‍ഡിനേഷന്‍ മീറ്റിംഗ് വാര്‍ഡ,് തല മീറ്റിംഗ,് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍, ടൗണ്‍ ശുചീകരണം, പരിസര ശുചീകരണം, വാര്‍ഡില്‍ ഒരു ദിനം പരിപാടി, മൈക്ക് പ്രചരണം, ടീം വര്‍ക്ക് നോട്ടീസ് വിതരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി കുടിവെള്ള സ്രോതസ്സുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ക്ലോറിനേഷന്‍ നടത്താനും പരിസര ശുചിത്വം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. കടകളില്‍ ശുചിത്വ പരിശോധന ശക്തമാക്കാനും എല്ലാ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്താനും തീരുമാനിച്ചു. സ്‌കൂള്‍ ഏരിയയിലെ ലഹരി വസ്തുക്കളുടെ വില്‍പ്പന ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു.
യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷ്‌റഫ് പി.ടി ലിസി കെ,കെ, പ്രഭാശങ്കര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ശ്രീഷ ഗണേഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ സ്വാഗതവും എച്ച്.ഐ ശരത് കുമാര്‍ നന്ദിയും പറഞ്ഞു.