പേരക്ക കൊടുക്കാമെന്നു പറഞ്ഞു പത്തു വയസ്സുകാരിയെ ലെെം​ഗികമായി ഉപദ്രവിച്ചു; പേരാമ്പ്ര സ്വദേശിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി


പേരാമ്പ്ര: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര കനാല്‍മുക്കു കിഴക്കേകരുവാഞ്ചേരി വീട്ടില്‍ ദാസന്‍ (60)നാണ് പോക്‌സോ കേസില്‍ ശിക്ഷ ലഭിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തില്‍ പറയുന്നു.

2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ സുഹൃത്തിനോടൊപ്പം പോയ ബാലികയെ പ്രതി പേരക്ക കൊടുക്കാമെന്നു പറഞ്ഞു ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബാലിക പീഡനവിവരം അമ്മയോട് പറയുകയായിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ്ബ് ഇന്‍സ്പെക്ടര്‍ ബേബി മാത്യു ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.