‘പോലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകി’; കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു.

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണു തമിഴ്നാട് സ്വദേശികളായ നാല് സഞ്ചാരികൾ അപകടത്തിൽപെട്ടു. മൂന്ന് പേർ രക്ഷപ്പെടുകയും ഒരാൾ മരണപെടുകയും ചെയ്‌തു.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറുകയും ഉരുൾപൊട്ടിലിൽ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

തിരുവനന്തപുരം വിതുര പോലീസ് സ്‌റ്റേഷൻ പരിധിയിൽ കല്ലാർ ഭാഗത്തുനിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപ്പെട്ടു. വിതുര വില്ലേജിൽ കല്ലാർ സമീപം വിനോദത്തിനായി എത്തിയ രണ്ട് യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അകപ്പെട്ടു പോകുകയും, അവരെ വിതുര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.


Related News: കേരളത്തിൽ അടുത്ത അഞ്ച് ദിവസം തീവ്രമഴ, കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിൽ ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുനുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.