പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവത്തിന് സമാപമനം: സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ
കൊയിലാണ്ടി: പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവം അന്നബഅ് കലോത്സവം സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ. ഖൈറുവാൻ, ഖുറാസാൻ, നെഹ്റുവാൻ, ഇസ്ഫഹാൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിലാണ് നെഹ്റുവാൻ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യന്മാരായത്. ഖുറാസാനും ഖൈറുവാനും ഇസ്ഫഹാനും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തിന് അർഹരായി.
പ്രശസ്ത മാപ്പിള കവി ബാപ്പു വെള്ളിപ്പറമ്പ് പറമ്പ് സിങ്-സഫയറിൽ മുഖ്യാതിഥിയായി. പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ സഹിഷ്ണുതാ പാഠങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപന മാനേജർ ഇസ്സുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
‘കലയുടെ ആത്മാവിനെ പിന്തുടരുന്നു’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടന്നത്. 150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്. വിദ്യാർഥികളുടെ സർഗ-കലാ-സാഹിത്യ വൈഭവങ്ങളെ മികവുറ്റതാക്കാൻ സംഘടിപ്പിക്കുന്ന സിങ് സഫയർ ഫെസ്റ്റ് ഞായറാഴ്ചയാണ് സമാപിച്ചത്.
ഫെസ്റ്റിലെ കലാപ്രതിഭ പട്ടം ഹാഫിള് മഖ്ബൂൽ അഹ്മദ് കാസർഗോഡും സർഗ പ്രതിഭ പട്ടം ഹാഫിള് ഫള്ലുള്ള വാവൂരും കരസ്ഥമാക്കി. സമാപന സംഗമത്തിൽ മർക്കസ് നോളജ് സിറ്റി സി.എ. അഡ്വ. തൻവീർ ഉമർ, എം.പി.എസ് കൊയിലാണ്ടി മാനേജർ അബ്ദുനാസർ ഉമർ, അബ്ദുൽ കരീം നിസാമി, ഷുഹൈബ് സഖാഫി, മുഹമ്മദ് ഇർഷാദ് സൈനി, ഖാസിം അസ്ഹരി, യൂനുസ് സഖാഫി, നജ്മുദ്ദീൻ സഖാഫി എന്നിവർ പങ്കെടുത്തു. നിഅമത്തുള്ള വാണിയമ്പലം സ്വാഗതവും ഖലീൽ വട്ടോളി നന്ദിയും പറഞ്ഞു.