കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു


Advertisement

കൊച്ചി: നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു.

Advertisement

ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയിൽ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. തുടർന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു മരിച്ചു.

Advertisement

തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

Summary: Palakkad native youth murdered in kochi by friend’s husband