പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; ‘ബി.ജെ.പി എനിക്കുവേണ്ടി നല്ലതു ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന്’ പത്മജ


തൃശ്ശൂര്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിൽ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടിരുന്നു, എന്നാൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പത്മജ പ്രതികരിച്ചു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പത്മജ പറഞ്ഞു.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപി ക്യാമ്പിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരൻ്റെ മകൾ പാർട്ടി വിട്ടു ബിജെപിയിലെത്തിയത് ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു.

ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ഈ പദവിയിലേക്ക് പത്മജ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.