ന്യൂനമര്‍ദ്ദപാത്തി, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നു ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് കണ്ണൂര്‍ ജില്ലയിലും 15ന് കാസര്‍കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.