പ്രദര്‍ശനം കാണാനും ചിത്രങ്ങള്‍ സ്വന്തമാക്കാനും അവസരം; കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റ് പ്രദര്‍ശനം സമാപനത്തിലേക്ക്
കാപ്പാട്: 2023 ഡിസംബര്‍ 26 മുതല്‍ കോഴിക്കോട് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്നുവരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റ് പ്രദര്‍ശനം അവസാന വാരത്തിലേക്ക്. 2024 മെയ് 17 മുതല്‍ 23 വരെയാണ് സമാപന പ്രദര്‍ശനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകളും മറ്റു കലാസ്‌നേഹികളും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് നാലുമണി മുതല്‍ 8 മണി വരെ നീളുന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് ഗാലറിയില്‍ എത്തുന്നത്.
ആയിരം രൂപ മുതല്‍ ലക്ഷം രൂപ വരെ വില വരുന്ന ചിത്രങ്ങള്‍ ഗാലറിയില്‍ നിന്നും സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. റിയലിസ്റ്റിക്, സര്‍റിയലിസ്റ്റിക്, എക്‌സ്പ്രഷനലിസ്റ്റ് കണ്ടമ്പററി രചനാശൈലികളില്‍ അക്രിലിക് ഓയില്‍, ചാര്‍ കോള്‍, വാട്ടര്‍ കളര്‍, മിക്‌സഡ് മീഡിയ തുടങ്ങി എല്ലാ മീഡിയത്തിലുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടും.
ചേമഞ്ചേരി പഞ്ചായത്തിന്റെയും പ്രത്യേക സഹകരണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് കലാസ്‌നേഹികളുടെ അടുത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ക്യുറേറ്ററായ ഡോ .ലാല്‍ രഞ്ജിത്ത് പറഞ്ഞു. അവസാനിക്കുന്ന ദിവസം എല്ലാ പെയിന്റിംഗുകള്‍ക്കും പ്രത്യേക ഓക്ഷന്‍ സെയില്‍ ഉണ്ടായിരിക്കുന്നതാണന്ന് കണ്‍വീനര്‍മാരായ കെ.വി.സന്തോഷ്, ടി.യു.മനോജ് എന്നിവര്‍ അറിയിച്ചു.