ആഞ്ഞുവീശുന്ന കാറ്റ്, തിമിർത്ത് പെയ്യുന്ന മഴ, താഴെ പച്ചപ്പിന്റെ സുന്ദര കാഴ്ചകൾ; മഴയിൽ കുളിച്ച് സുന്ദരിയായ വയലടയെ കാണാനൊരു യാത്ര
എൻ.ടി.അസ്‌ലം നന്തി
ചിത്രങ്ങൾ: റുസ്മിൻ നിഹല
മഴ പെയ്യുന്നു. ചിലര്‍ക്കത് സുന്ദര കാഴ്ച, കുറേ മനുഷ്യര്‍ അതിന്റെ രൗദ്രതയെ അനുഭവിക്കുന്നു. മഴ ആസ്വദിക്കാം. നനഞ്ഞും കുളിച്ചും മഴയില്‍ നടന്നും കുന്ന് കയറിയും കാടിനെ അനുഭവിച്ചും ആസ്വാദനത്തിന് മധുരം കൂട്ടാം.
കൊയിലാണ്ടി, പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് വലിയ ചിലവില്ലാതെ മഴയെ ആസ്വദിക്കാനുള്ള ഒരിടമുണ്ട്. പലരും കേട്ടതും ഒരുപക്ഷേ നേരത്തേ പോകുകയും ചെയ്ത ഇടമായിരിക്കും. ബാലുശ്ശേരിയിലെ വയലട. ഈ മഴക്കാലം നിങ്ങള്‍ക്ക് വയലടയുടെ പ്രത്യേക സൗന്ദര്യം പകര്‍ന്ന് തരും. ഞങ്ങള്‍ ഇന്ന് രാവിലെ വയലട കാണാന്‍ ഇറങ്ങി.
ബാലുശ്ശേരി കഴിഞ്ഞ് ഇടത്തോട്ട്. വളഞ്ഞ് പുളഞ്ഞ് കയറിപ്പോകുന്ന ചെറിയ റോഡിലൂടെ കാറ് മഴകൊണ്ട് മഞ്ഞിലേക്ക് പതിയെ നീങ്ങി. പ്രാഥമികാരോഗ്യകേന്ദ്രവും ഗ്രാമത്തിലെ സ്‌കൂളുമുള്ള ചെറു കവലയില്‍ നിന്ന് വണ്ടി പിന്നേയും മുകളിലേക്ക് കയറി. ഒരു കാറിന് സുഖമായി പോകാം. മറ്റൊരു വാഹനം എതിരെ വന്നാല്‍ യാത്ര ദുഷ്‌കരമാകും. എങ്കിലും സഹകരിച്ച് യാത്രികര്‍ മുന്നോട്ട് തന്നെ.
ഈ കൊച്ചു ഗ്രാമത്തില്‍ നാല്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നു. പറമ്പിലെ വിളകള്‍ക്ക് വിലകുറഞ്ഞ് തുടങ്ങിയതോടെ ടൂറിസം ഇവിടുത്തുകാര്‍ വരുമാനമാര്‍ഗ്ഗമായി തിരഞ്ഞെടുത്തിട്ടുണ്ട്. വീടിനൊരു വലിയ മുറ്റമുള്ള മുത്തശ്ശി വരാന്തയില്‍ നില്‍ക്കു ന്നു. കാറ് ആ മുറ്റത്ത് കയറ്റിയിട്ടു. അകത്ത് പോയി ഒരു ചെറിയ നോട്ട് ബുക്ക് എടുത്തു പുറത്തു വന്ന് പേന നീട്ടി. പേരും നമ്പറും എഴുതാന്‍ പറഞ്ഞു. പാര്‍ക്കിങ്ങിന് 30 രൂപ ഫീസും വാങ്ങി.
നടത്തം തുടങ്ങി. സൈക്കിളിലും ബൈക്കിലുമെല്ലാം എത്തിയവര്‍ കുറച്ച് ദൂരം കൂടി മുന്നോട്ട് പോകുന്നത് കണ്ടു. പക്ഷേ, റോഡ് പൊട്ടിപ്പൊളിഞ്ഞതാണ്. ഒരു വാഹനവും അധികം മുന്നോട്ടു പോകില്ല, നടക്കുക തന്നെ വേണം. റോഡ് കഴിഞ്ഞു, ഒറ്റയടിച്ചെമ്മണ്‍പ്പാത. അതിപ്പോള്‍ ആള് നടന്ന് നടന്ന് അല്‍പ്പം കൂടി വീതി വച്ചിട്ടുണ്ട്. ചെറിയ പടികളും നിരന്ന കാട്ടിടവഴിയും കടന്നാല്‍ കയറ്റം. അവിടെ പാറക്കല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു. ഏതോ മരത്തിന്റെ ചില്ലയില്‍ നിന്ന് തൂങ്ങിയ വള്ളികള്‍ താഴേക്ക് നീണ്ടു കിടക്കുന്നു. ചുറ്റിലും കാട്, നെടുകെ മനുഷ്യര്‍ വെട്ടിയ വഴി. ആ പാറക്കല്ലുകള്‍ കടന്ന് നടന്ന് കയറാം, അതാ മഞ്ഞില്‍ പുതഞ്ഞ പാറക്കെട്ടുകള്‍.
മഞ്ഞ് അല്‍പ്പം മാറിയപ്പോഴാണ് മുള്ളന്‍പാറ വ്യൂ പോയിന്റില്‍ നിന്നുള്ള സുന്ദര കാഴ്ച കണ്ടത്. നിറഞ്ഞൊഴുകുന്ന ഒരു മഹാ നദി പോലെ താഴ്വാരത്ത് പച്ചപ്പ്. എല്ലായിടവും പച്ചപ്പ് മാത്രം. അതിനിടയില്‍ ഒരിടത്ത് വെള്ള നിറത്തില്‍ കുറച്ച് കെട്ടിടങ്ങള്‍ കാണാം. അതിനും അപ്പുറത്ത് മിഥുനത്തില്‍ ഒഴുകിയെത്തിയ വെള്ളവും പേറി നമ്മുടെ പെരുവണ്ണാമൂഴി റിസര്‍വോയര്‍. റിസര്‍വോയറിന് വലതു ഭാഗത്ത് കക്കയം മലനിരകള്‍. ഹാ, സുന്ദരം.
ആ മലനിരകളില്‍ മേഘം നൃത്തമാടുന്നപോലെ. പതിയ മലകളാകെ മഞ്ഞുകൊണ്ട് മൂടി. ഇവിടെ പാറക്കെട്ടുകളില്‍ അപ്പോഴും യാത്രികർ സ്‌നേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. അവരാ കോടമഞ്ഞിനെ ആഹ്ളാദാരവത്തോടെ സ്വീകരിച്ചു. പലരുടേയും കൂക്കിവിളികള്‍ ആ ആരവങ്ങളില്‍ ലയിക്കും മുമ്പ് മഴ ശക്തിയോടെ പെയ്തു. പങ്കുവെക്കലുകളേയും ആരവങ്ങളേയും കോട പുതഞ്ഞു. മഴയും കോടയും മനുഷ്യരെ ആനന്ദത്തില്‍ പൊതിഞ്ഞു. സുന്ദരം.
ആ മഴച്ചാറ്റലില്‍ തന്നെയാണ് താഴക്കേിറങ്ങിയതും. അവിടെയൊരു ബേബിച്ചേട്ടന്‍ വീട്ടുമുറ്റത്ത് കട നടത്തുന്നു. പോത്തും കോഴിയും കപ്പയും മീനുമെല്ലാം രുചിയോടെ വെക്കുന്ന ബേബിയേട്ടനെ നാല് വര്‍ഷം മുന്‍പ് പരിചയപ്പെട്ടതാണ്. ഇന്ന് വീണ്ടും അവിടെക്കയറി. ബീഫ്, ചിക്കന്‍, കപ്പ.
തിരിച്ചിറങ്ങുന്നു. മഴതുടരുന്നു.