യുവാവിനെ കാണാതായത് ഒരുമാസം മുമ്പ്; മരണകാരണം അവ്യക്തം; മേപ്പയ്യൂരിലെ വടക്കേടത്ത് കണ്ടി ദീപക്കിന്റേ മരണത്തില്‍ ആശങ്ക വിട്ടൊഴിയാതെ നാട്ടുകാര്‍


മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുമ്പോള്‍ മരണകാരണം എന്തെന്നറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും നടുക്കത്തിലായിരുന്നു.

ഗള്‍ഫില്‍ ജോലിചെയ്ത് വരികയായിരുന്ന ദീപക്ക് ഏതാണ്ട് ഒരുവര്‍ഷത്തോളമായി നാട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ല. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

നാട്ടുകാര്യങ്ങളിലെല്ലാം സജീവ പ്രവര്‍ത്തകനായിരുന്നു ദീപക്കെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പരേതനായ ബാലകൃഷണനാണ് അച്ഛന്‍ അമ്മ ശ്രീലത സഹോദരി ദിവ്യ.

ഇന്ന് കാലത്ത് മത്സ്യബന്ധനത്തിനായിപ്പോയ മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടത്. ഇവര്‍ മൃതദേഹം വഞ്ചിയില്‍ കയറ്റി കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ദീപക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.