ലോറിയെ പിന്തുടര്‍ന്ന് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞു തകര്‍ത്തു, ഡ്രൈവറെ ആക്രമിച്ചു; നന്തി സ്വദേശികള്‍ക്കെതിരെ വധ ശ്രമക്കേസ്, ഒരാള്‍ അറസ്റ്റില്‍
കൊയിലാണ്ടി: ലോറിയെ പിന്തുടര്‍ന്ന് ആക്രമിക്കുകയും ഡ്രൈവറെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉടു എന്ന് വിളിക്കുന്ന നന്തി കുറൂളിക്കുനി വിപിനെ (32) പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ കോഴി എന്നറിയപ്പെടുന്ന നന്തി ഒറ്റക്കണ്ടത്തില്‍ രോഹിതി(27) നായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
തിക്കോടി എഫ്.സി.ഐയില്‍നിന്ന് അരിയുമായി നടുവണ്ണൂരേക്ക് പോവുകയായിരുന്ന ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ചുവട്ടില്‍വെച്ച് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞ് തകര്‍ക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദ് നിസാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നെഞ്ചിലും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
ഗോഡൗണില്‍ നിന്നും ലോറി പുറപ്പെടുമ്പോള്‍ തന്നെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് എസ്.ഐ ഷൈലേഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ വിപിനെ റിമാന്റ് ചെയ്തു. സി.ഐ കെ.സി. സുഭാഷ് ബാബു, എസ്.ഐമാരായ എം.പി. ഷൈലേഷ്, അനീഷ്, എ.എസ്.ഐമാരായ രമേശന്‍, എസ്.ഇ.പി.ഒ ഗംഗേഷ്, സിനു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.