പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ 30 ദിവസം കഴിഞ്ഞ് നീക്കണം; ഇല്ലെങ്കില്‍ പണികിട്ടും! ചതുരശ്രയടിക്ക് 20 രൂപ പിഴയും ചെലവും ഈടാക്കാന്‍ നിര്‍ദ്ദേശം


കൊയിലാണ്ടി: അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനര്‍, ബോര്‍ഡുകള്‍ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവര്‍തന്നെ എടുത്തുമാറ്റണമെന്നുമാണ് നിര്‍ദ്ദേശം.

പുതുക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ദിവസം കഴിഞ്ഞ് ഏഴുദിവസത്തിനകം ഇത്തരം ബോര്‍ഡുകള്‍ മാറ്റണം. മാറ്റിയില്ലെങ്കില്‍ ചുതുരശ്രയടിക്ക് കുറഞ്ഞത് 20 രൂപ നിരക്കില്‍ പിഴയും നീക്കംചെയ്യാനുള്ള ചെലവും ഈടാക്കി തദ്ദേശസ്ഥാപനങ്ങള്‍ നീക്കംചെയ്യണം.

സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്ലിന്‍ എന്നിവ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് സാംപിളുകള്‍ സമര്‍പ്പിക്കണം. ‘പുനഃചംക്രമണം ചെയ്യാവുന്ന പോളി എത്ലിന്‍, കോട്ടണ്‍ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികളേ ഏറ്റെടുക്കൂവെന്നും ഉപയോഗശേഷമുള്ള പോളി എത്ലിന്‍ പുനഃചംക്രമണത്തിന് സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള പരാതി സെല്‍ തദ്ദേശസ്ഥാപനങ്ങളിലും ശുചിത്വമിഷനിലും രൂപവത്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതിക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കുമ്പോള്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.

ബോര്‍ഡുകള്‍, പരസ്യ പ്രചാരണ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ഷോപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവയ്ക്ക് പി.വി.സി. ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും.

100 ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്ലിന്‍ എന്നിവയില്‍ പി.വി.സി. ഫ്രീ, റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യു.ആര്‍. കോഡ് എന്നിവയും പതിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് നിര്‍ദ്ദേശം.

summary: The government has directed those who put up advertisement boards to remove them after 30 days, otherwise they will be fined