പൂക്കളമൊരുക്കാൻ ഇത്തവണ നാടോടേണ്ട,ചെണ്ടുമല്ലിതോട്ടം ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു


 

കൊയിലാണ്ടി: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാൻ ഇനി നാടോടേണ്ട, പൂക്കൾ ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു.
ഓണത്തിന് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ച മാരിഗോൾഡ് കർഷക കൂട്ടമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്.

കൊയിലാണ്ടിയിലെ ഓണ വിപണിയിലും പൂക്കടയിലും വീടുകളിലും പൂക്കൾക്കായി വിപണി കണ്ടെത്തുമെന്ന് വാർഡ് കൗൺസിലർ കൂടിയായ രമേശൻ. വി കൊയിലാണ്ടി ന്യൂസ്‌ ഡോട്ട് കോമിനോട് പറഞ്ഞു .

 

ചെണ്ടുമല്ലി കൃഷിയിൽ ഒരു പരീക്ഷണമെന്ന നിലയ്ക്ക് ആണ് കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെ അയ്യപ്പാരി ക്ലസ്റ്റർ മാരിഗോൾഡ് ഗ്രൂപ്പ് കൃഷി നടത്തുന്നത്. കൊയിലാണ്ടി കൃഷിഭവന്റെ സഹകരണത്തോടെ 20 സെന്റ് സ്ഥലത്താണ് കൃഷി. നഗരസഭയിൽ ആദ്യമായാണ് ഇത്തരത്തിൽ വലിയതോതിൽ പൂക്കൃഷി ആരംഭിക്കുന്നത്. 50 വീടുകൾ അടങ്ങിയ 9 ക്ലസ്റ്റർ കാർഷികക്കൂട്ടമാണ് കൃഷിക്ക് പിന്നിൽ.

കഴിഞ്ഞ വർഷങ്ങളിൽ പച്ചക്കറി കൃഷി നടത്തി ഓണത്തിന് വിളവെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാണ് ചെണ്ടുമല്ലി കൃഷി നടത്താനുള്ള പ്രചോദനം.പരിസ്ഥിതി പ്രവർത്തകൻ ലെനീഷ് ആണ് മുഖ്യ സംഘാടകൻ.

അയ്യപ്പാരി ക്ലസ്റ്റർ -മാരി ഗോൾഡ് കാർഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലി കൃഷി – കൊയിലാണ്ടി നഗരസഭ – കൃഷി ഓഫീസർ ശ്രീമതി വിദ്യ കൃഷിയിടം സന്ദർശിച്ച് മുന്നോരുങ്ങൾ വിലയിരുത്തുന്നു.

 

 

എട്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഗ്രൂപ്പാണ് കാർഷിക കൂട്ടായ്മയിലുള്ളത്. പൂകൃഷിക്ക് പിന്തുണയുമായി കൃഷി ഓഫീസർ വിദ്യയും സഹപ്രവർത്തകരും സജീവമായി ഒപ്പം നിൽക്കുന്നു.