സ്നേഹവാത്സല്യങ്ങളുടെ നോമ്പുകാലം; ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ഭിന്നിക്കുന്ന കാലത്ത് സൗഹാർദ്ദത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോമ്പോർമ്മ വായിക്കാം
സിബിൻ ലാൽ ബാലൻ
പാടശേഖരവും കുളങ്ങളും തോടുകളും നിറഞ്ഞതാണ് ഞങ്ങളുടെ നാട്ടിൻ പുറം.
ബാല്യകാലത്ത് പാടവരമ്പിനരികിൽ ഉള്ള ഞങ്ങളുടെ വീടിൻ്റെ അയൽപക്കത്തുള്ള രണ്ട് വീടുകളും മുസ്ലിം കുടുംബങ്ങളുടെതായിരുന്നു.
മൈമൂന ഇത്തയുടേയും കുഞ്ഞാമി ഇത്തയുടേയും വീടുകൾ. അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. സ്നേഹവും സൗഹൃദവും എന്താണെന്ന് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയത് ഇവിടെ നിന്നാണ്.
റമദാൻ മാസം വന്നാൽ വൈകുന്നേരമാകാൻ കാത്തിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും ഞങ്ങൾ മൂന്ന് ആൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന് സഹോദരിമാർ തൊട്ടടുത്ത വീട്ടിലെ മുസ്ലിം പെൺകുട്ടികളായിരുന്നു.
വൈകുന്നേരമായാൽ അടുത്ത വീട്ടിലെ മൈമൂന ഇത്ത വന്ന് ഞങ്ങൾ കുട്ടികളെ വിളിച്ചു കൊണ്ടു പോകും. അവരുടെ വീട്ടിൽ അവരുടെ മക്കളോടൊപ്പമിരുന്ന് നോമ്പ് തുറക്കാൻ.
[ad-attitude]
സെറീനയും കൗലത്തും മനാഫും മുനീറും മുജീബും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. കുഞ്ഞിപ്പത്തിരി, അതിശയപ്പത്തിരി, തരിക്കഞ്ഞി, ജീരകക്കഞ്ഞി, പോള തുടങ്ങിയ മലബാർ വിഭവങ്ങൾ സുഭിക്ഷമായി ദിവസേന ഉണ്ടാകും.
അതെല്ലാം കഴിപ്പിച്ചതിന് ശേഷം വീട്ടിൽ അച്ഛനും അമ്മയ്ക്കും കൂടി ഉള്ള ഭക്ഷണം തന്നിട്ടാണ് അവർ ഞങ്ങളെ തിരിച്ചയക്കാറുള്ളത്. അവർക്കത് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു.
[ad1]
ഇല്ലായ്മയുടേയും വല്ലായ്മയുടേയും നാളുകളിൽ ഞങ്ങൾക്കത് വലിയ ആശ്വാസമായിരുന്നു. ഉള്ളത് എല്ലാവരും പങ്ക് വെച്ച് കഴിക്കുന്ന ജാതി-മത-വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായ വിശ്വമാനവികതയുടെ സന്ദേശം പകർന്നു കിട്ടിയത് അവിടെ നിന്നാണ്.
ഓർമ്മയുടെ മണിച്ചെപ്പിൽ എന്നെന്നും സൂക്ഷിച്ചു വെക്കുന്ന മധുരമുള്ള ഓർമ്മകൾ.
[ad2]
ഓരോ റമദാൻ മാസം വരുമ്പോഴും മൈമൂന ഇത്തയും കുഞ്ഞാമി ഇത്തയും മക്കളുമെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നു.
വെറുപ്പിൻ്റേയും വിദ്വേഷത്തിൻ്റേയും സംഘർഷത്തിൻ്റേയും വാർത്തകൾ പല ഭാഗത്തു നിന്നും കേൾക്കുന്ന ഈ കാലഘട്ടത്തിൽ ഇതു പോലുള്ള സ്നേഹ സൗഹൃദങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു…