നിപ: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ
കോഴിക്കോട്: നിപ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്ടർ എ.ഗീത പ്രഖ്യാപിച്ചത്.
കോഴിക്കോട് കോർപ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ 46-ാം വാർഡായ ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്. കണ്ടെയിൻമെന്റ് സോണിൽ ഏർപ്പെടുത്തിയിരിക്കുന്ന മുഴുവൻ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും.
അതേസമയം പനി ബാധിച്ച് ആദ്യം മരിച്ചയാൾക്ക് നിപ ബാധ സ്ഥിരീകരിച്ചു. ഇയാളിൽ നിന്നാണ് മരിച്ച രണ്ടാമത്തെയാൾക്ക് വൈറസ് ബാധയുണ്ടായത്. രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ ഇത്തരത്തിൽ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്. ഓഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്.
30 ആരോഗ്യപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവായതും ആശ്വാസവാർത്തയാണ്. നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 22, കണ്ണൂരിൽ മൂന്ന്, വയനാട് ജില്ലയിൽ ഒന്ന്, തൃശൂരിൽ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇത്തരത്തിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തിയവരെ ഐസൊലേഷനിൽ താമസിപ്പിക്കുകയും ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത ഒരാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് അവധി തീരുമാനമുണ്ടായത്.
നിപ വൈറസ് വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐ.ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം.
നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നുമായിരുന്നു അനില്‍ കുമാറിന്റെ പോസ്റ്റ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി.
Latest News: വടകരയില്‍ കോളേജ് അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍