കോഴിക്കോട് എന്‍.ഐ.ടിയില്‍ രാത്രി കര്‍ഫ്യു; വിദ്യാര്‍ത്ഥികള്‍ 11 മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറാന്‍ നിര്‍ദേശം


കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ രാത്രി കര്‍ഫ്യൂ കര്‍ശനമാക്കി. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. 11 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിനകത്തേക്ക് കടക്കാനോ പുറത്തുപോകാനോ കഴിയില്ല എന്നാണ് പുതിയ നിര്‍ദേശം.

ക്യാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തിയിരിക്കണമെന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.