വെള്ളക്കെട്ട് പരിഹരിക്കാൻ കൾവെർട്ടുകൾ, ഫൂട്-ഓവർ ബ്രിഡ്ജുകൾ; ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി എൻ.എച്ച്.എ.ഐ അധികൃതർ എത്തി, വിവിധ ഉറപ്പുകൾ ഇങ്ങനെ


മൂടാടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തിയിലെ ഇരുപതാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചത്.

ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്‌നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത ഭാഗത്ത് നിർദ്ദിഷ്ട ദേശീയപാതയിൽ പ്രവേശനം സാധ്യമാക്കി പരിഹാരം പ്ലാനിൽ നിർദ്ദേശിച്ചതായി അധികൃതർ അറിയിച്ചു. ഗോഖലെ സ്കൂളിനടുത്തുള്ള കുന്ന് നെടുകെ ഛേദിച്ചതിനാൽ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ ഫൂട്-ഓവർ ബ്രിഡ്ജ് നിർദ്ദേശിക്കും. ചാലി ഭാഗത്ത് വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ട് കൾവെർട്ടുകൾ നിർമ്മിക്കും. മൂടാടി ഹിൽബസാർ റോഡിൽ നിലവിലുള്ള സൗകര്യങ്ങൾ പൂർണമായും ഉപയോഗിക്കും വിധത്തിൽ അണ്ടർ പാസ് അനുവദിച്ചു.

ഇതിന്റെയെല്ലാം എസ്റ്റിമേറ്റ് ഉടൻ തയാറാക്കി നിർമാണ കമ്പിനിക്ക് കൈമാറും. പുറക്കൽ ഭാഗത്ത് രണ്ട് വലിയ കൾവർട്ടുകൾ നിർമ്മിക്കും. പുറക്കൽ-വീമംഗലം റോഡ് മുറിഞ്ഞത് പരിഹരിക്കാൻ 100 മീറ്ററോളം സ്ഥലം വിട്ട് കിട്ടിയാൽ മൂന്ന് മീറ്റർ വീതിയിൽ റോഡ് ദേശീയപാതാ അതോറിറ്റി നിർമ്മിക്കുന്നത് പരിഗണിക്കും.

നന്തി എഫ്.എം.ആറിലേക്ക് വാഹന സൗകര്യം സാധ്യമാക്കാൻ വേണ്ട ശ്രമം നടത്തുമെന്നും അറിയിച്ചു. നന്തി-കെൽട്രോൺ റോഡ്, നന്തി-പള്ളിക്കര എന്നി റോഡുകളിലെ സഞ്ചാരം സുഗമമാക്കാനാവശ്യമായ നടപടിയുണ്ടാവുമെന്നും എൻ.എച്ച്.എ.ഐ അധികൃതർ അറിയിച്ചു. ഇരുപതാം മൈലിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കാൻ ഫൂട് ഓവർ ബ്രിഡ്ജ് എന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗത്തിൽ മൂടാടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിക്കാൻ എത്തിയത്.

എൻ.എച്ച്.എ.ഐ എഞ്ചിനീയർമാരായ രാംപാൽ രാജേന്ദ്ര, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.മോഹനൻ, വാർഡ് മെമ്പർമാരായ അഡ്വ. ഷഹീർ, പപ്പൻ മൂടാടി, ഹുസ്ന, രജുല ടി.എം, ബ്ലോക്ക് മെമ്പർ കെ.ജീവാനന്ദൻ, സുഹ്റ ഖാദർ എന്നിവരും പൊതുപ്രവർത്തകരും പങ്കെടുത്തു.