രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍


മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്.

പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍ 7 മീറ്റര്‍ വീതിയില്‍ ടാറിങും ഡ്രൈനേജും ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്.

എല്ലാ വര്‍ഷവും ബജറ്റില്‍ വകയിരുത്തകയല്ലാതെ റോഡ് പ്രവൃത്തി ആരംഭിച്ചിരുന്നില്ല. മേപ്പയൂര്‍ മുതല്‍ നരക്കോട് വരെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും ഇതിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് അടിയന്തര ടാറിങ് നടത്തുവാന്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി 2.4 കോടിയും വകയിരുത്തിയിരുന്നു.

കോടിക്കണക്കിന് രൂപ ചിലവഴിച്ച് റീടാര്‍ ചെയ്ത റോഡ് പൊട്ടിപൊളിഞ്ഞതില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നരക്കോട് കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.