പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25,000 പിഴ, ഒപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും രക്ഷിതാക്കൾക്ക് ജയിൽ ശിക്ഷയും; ജൂൺ ഒന്നുമുതൽ പുതിയ നിയമം
ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു. പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് പ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നതിനുള്ള പിഴത്തുകയിലും വ്യത്യാസം വരും.
പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ 25,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ല.
ഇതിനൊപ്പം രക്ഷിതാക്കൾക്കെതിരായ നടപടിയും ഉൾപ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയിൽ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കിൽ സാഹചര്യം അനുസരിച്ച് ചലാനും ജയിലും ചുമത്താം. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് പലതരത്തിലുള്ള അപകടങ്ങളും മരണങ്ങളുമാണ് രാജ്യത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.