മൂര്‍ച്ചയേറിയ ഗൂര്‍ഖാ കത്തി, തൊട്ടടുത്ത് ധ്യാനത്തിനായുള്ള ടിബറ്റന്‍ ബൗള്‍, നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?; ഇരിങ്ങള്‍ ക്രാഫ്റ്റ് മേളയില്‍ ശ്രദ്ധനേടി നേപ്പാള്‍ ക്രാഫ്റ്റുകള്‍
മുഹമ്മദ് ടി.കെ.
ഇരിങ്ങല്‍: ഗൂര്‍ഖാ കത്തികള്‍ മലയാളികള്‍ ഒത്തിരി തവണ സിനിമയില്‍ കണ്ടവയാണ്. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, യോദ്ധാ തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെയാണ് ഗൂര്‍ഖാ കത്തിയെ മലയാളി പരിചയപ്പെട്ടതെങ്കിലും അതിന്‍റെ മാരക ശേഷിയെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ല.
നേപ്പാളില്‍ നിന്ന് പാരമ്പര്യ രീതിയിലുണ്ടാക്കിയ അത്തരമൊരു ഒറിജിനല്‍ കത്തി സ്വന്തമാക്കിയാലോ? നേരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക് പോന്നോളൂ. വീട്ടിലെ അലങ്കാര വസ്തുക്കളില്‍ക്കിടയില്‍ ഗൂര്‍ഖാ കത്തി ഒരു താരം തന്നെയായിരിക്കും.
അല്ല, കത്തി പേടിയാണെന്നാണോ? എന്നാല്‍ ടിബറ്റില്‍ നിന്നുള്ള സിംഗിഗ് ബൗള്‍ എടുക്കാം. ഒന്ന് തൊട്ടുകൊടുത്താല്‍ ആത്മീയനാദം പൊഴിക്കുന്ന, ജലത്തെപ്പോലും ധ്യാനനിരതമായി നൃത്തം ചെയ്യിക്കുന്ന ടിബറ്റന്‍ സിംഗിങ് ബൗള്‍ മനസ്സിന് ആത്മീയമായ അനുഭൂതി നല്‍കുന്നവയാണ്.
കഠ്മണ്ഡു സ്വദേശിയായ പ്രഭാത് ആണ് നേപ്പാളിന്‍റെ തനത് കരകൗശല വസ്തുക്കള്‍ ക്രാഫ്റ്റ് വില്ലേജില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കാലിഗണ്ഡകി നദിയില്‍ നിന്ന് മാത്രം ലഭിക്കുന്ന പവിത്രമായി കരുതപ്പെടുന്ന സാലിഗ്രാം കല്ലുകള്‍, രുദ്രാക്ഷ മാലകള്‍, നേപ്പാളി തുണികള്‍, കളിപ്പാട്ടങ്ങള്‍ തുങ്ങിയവയും പ്രഭാതിന്‍റെ സ്റ്റാളില്‍ ലഭ്യമാണ്.
100 രൂപ മുതല്‍ 10,000 രൂപവരെ വിലകളില്‍ വിവിധ ക്രാഫ്റ്റുകള്‍ ഇിവടെ ലഭ്യമാണ്. സാധാരണ ഗൂര്‍ഖ കത്തിക്ക് 1500 മുതല്‍ 2500 രൂപ വരെയാണ് വില. സിംഗിങ് ബൗളുള്‍ 2000 രൂപയ്ക്ക് മുതല്‍ കിട്ടും.
ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. ഡിസംബര്‍ 23 ആരംഭിച്ച മേള 19 ദിവസം നീണ്ടുനില്‍ക്കും. 12 രാജ്യങ്ങളില്‍ നിന്നും 26 സംസ്ഥാനങ്ങളില്‍ നിന്നുമായി 236 സ്റ്റാളുകളാണ് മേളയിലുള്ളത്.