ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്


 

മുഹമ്മദ് ടി.കെ.

ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്.

നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഹൃദ്യം. അഖദ് ജോണ്‍ സ്വന്തം കൈകൊണ്ട് വരച്ചെടുത്തവയാണ് ഓരോന്നും.

സെറാമിക് പാത്രങ്ങള്‍ക്ക് പേരുകേട്ട ഉസ്ബസ്കിസ്ഥാനിലെ റിഷ്ദാനില്‍ നിന്നാണ് അഖദ് ജോണ്‍ വരുന്നത്. നീലയുടെ ഷേഡുകളാണ് റിഷ്ദാന്‍ പാത്രങ്ങള്‍ക്കുണ്ടാവുകയെങ്കിലും മഞ്ഞയും ബ്രൗണും നിറങ്ങള്‍ ചേര്‍ന്ന ഗിജ്ദുവാന്‍ രീതിയിലും അഖദ് പാത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും കാഴ്ചയില്‍ മുമ്പില്‍ ഇപ്പോഴും ആ പാരമ്പര്യം തുളുമ്പുന്ന നീല നിറമാണ്.

ആഷ് പ്ലാന്‍റില്‍ നിന്നുണ്ടാക്കുന്ന നീല ഇഷ്കോറുകളാണ് റിഷ്ദാന്‍ പാത്രങ്ങളില്‍ ചിത്രമെഴുതാന്‍ ഉപയോഗിക്കുന്നത്. പാത്രങ്ങളുടെ മിനുപ്പിനോടും തിളക്കത്തോടും ചേര്‍ന്ന് പോവുന്ന ഈ നീല നിറം അത്രമാത്രം ഫിനിഷിങ്ങോടെ പാത്രത്തെ മനോഹരമാക്കുന്നു. പക്ഷികളുടേയും മീനുകളുടെയും മറ്റ് പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രങ്ങള്‍ പാത്രങ്ങളില്‍ അലങ്കരിച്ച് ചേര്‍ക്കാറുണ്ട്. അവയ്ക്കൊപ്പം തനത് റിഷ്ദാന്‍ അബ്സ്ട്രാക്ട് ഡിസൈനുകള്‍ കൂടെ വരുന്നതോടെ പാത്രങ്ങള്‍ക്ക് രാജകീയ രൂപവും ഭാവവും കൈവരികയായി.

രണ്ട് നിറങ്ങള്‍ മാത്രമുപയോഗിച്ചുള്ള ബൈക്രോമിക് കളറിംഗ് ആണ് റിഷ്ദാന്‍ സെറാമിക്കുകളില്‍ ഉപയോഗിക്കാണ്. വെളുത്ത പ്രതലത്തില്‍ നീല നിറമോ, അല്ലെങ്കില്‍ നീല പ്രതലത്തില്‍ വെളുത്ത നിറമോ ആയിരിക്കും ഡിസൈനുകള്‍. പുതിയ റിഷ്ദാന്‍ ആര്‍ടിസ്റ്റുകള്‍ പലരും റെഡിമെയ്ഡ് ഇഷ്കോര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പാരമ്പര്യ രീതിയിലുള്ള ഇഷ്കോറാണ് അഖദ് ഇപ്പോഴും ഉപയോഗിക്കുന്നത്.

1500 രൂപമുതല്‍ ക്രാഫ്റ്റി വില്ലേജില്‍ നിന്ന് റിഷ്ദാന്‍, ഗിജ്ദുവാന്‍ സെറാമിക്കുകള്‍ വാങ്ങാം. ഉസ്ബസ്കിസ്ഥാനിലെ പാരമ്പര്യ വസ്ത്രങ്ങളും തുണികളും സ്റ്റാളിലുണ്ട്.