എഴുതിയ ആദ്യ പി.എസ്.സി പരീക്ഷയിൽ തന്നെ ആറാം റാങ്ക്, ഇപ്പോൾ എസ്.ഐ ലിസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക്; ഇത് നടുവത്തൂർ സ്വദേശി അതുൽരാജിന്റെ വിജയ​ഗാഥ


കൊയിലാണ്ടി: കുട്ടിക്കാലം മുതൽ സേനാവിഭാ​ഗത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരുന്നു നടുവത്തൂർ സ്വദേശി അതുൽരാജിന്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയാണ് തന്റെ ആ​ഗ്രഹം അതുൽരാജ് സാക്ഷാത്ക്കരിച്ചത്. സംസ്ഥാന തലത്തിൽ നാലര ലക്ഷത്തോളം ആളുകൾ എഴുതിയ പരീക്ഷയിലാണ് അതുൽരാജിന്റെ മിന്നും വിജയം.

പരീക്ഷ ഏതുമാവട്ടെ അതിലെ റാങ്ക് മനസിൽ കണ്ട് പഠിക്കരുതെന്നും സിലബസനുസരിച്ച് ചിട്ടയായ പഠനം നടത്തിയാൽ വിജയം സുനിശ്ചിതമാണെന്നും അതുൽരാജ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പരീക്ഷയുടെ സിലബസ് അനുസരിച്ച് വിഷയങ്ങൾ ആഴത്തിൽ പഠിക്കണം. നമ്മൾ എത്രത്തോളം ആത്മാർത്ഥമായി പഠിക്കുന്നുവോ അതിനുള്ള റിസൾട്ട് നമുക്ക് ലഭിക്കുമെന്നും അതുൽരാജ് പറയുന്നു. ഉയരമുള്ളതിനാൽ യൂനിഫോം ഫോഴ്സുകളോട് കുട്ടിക്കാലം മുതൽ താൽപര്യമായിരുന്നു. അതാണ് എസ്.ഐ പരീക്ഷ എഴുതുന്നതിലേക്ക് നയിച്ചതെന്നും അതുൽരാജ് പറഞ്ഞു.

ഡി​ഗ്രി പഠന ശേഷമാണ് അതുൽ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആരംഭിച്ചത്. ആദ്യമെഴുതിയ പരീക്ഷയിലുൾപ്പെടെ റാങ്ക് കരസ്ഥമാക്കാൻ അതുൽരാജിന് സാധിച്ചു. എം.എസ്.പി സിപിഒ ലിസ്റ്റിലും ഒന്നാം റാങ്കായിരുന്നു അതുൽരാജിന്. കോഴിക്കോട് ജില്ലയിലേക്കുള്ള എൽജിഎസ് പരീക്ഷയാണ് ആദ്യമെഴുതിയത്. ആറാം റാങ്ക് നേടി സർക്കാർ ജോലിയെന്ന സ്വപ്നം അതുൽ ഇതിനോടകം സാധ്യമാക്കി കഴിഞ്ഞു. ബീവറേജസ് എൽഡിസി ലിസ്റ്റിൽ 87-ാം റാങ്കുണ്ട് അതുൽരാജിന്.

ഡി​ഗ്രി പഠനകാലത്ത് വെയിറ്റ് ​ലിഫ്റ്റിം​ഗിൽ പങ്കെടുത്തിരുന്നു. കൊറോണ വന്നതോടെ അതെല്ലാം നിലച്ചു. ആയിടയ്ക്കാണ് പി.എസി.സിക്ക് തയ്യാറെടുക്കാൻ തീരുമാനിക്കുന്നത്. കൊയിലാണ്ടിയിലെ പെ​ഗാസസ് കോച്ചിം​ഗ് സെന്ററിലായിരുന്നു പരിശീലനം. കൊറോണ കാരണം സ്ഥാപനം അടച്ചതോടെ കംമ്പെെൻ സ്റ്റഡിയിലേക്ക് മാറി.

ജുബിനിന്റെ വീട്ടിൽ ഞങ്ങൾ നാല് പേർ ചേർന്നായിരുന്നു പഠനം നടത്തിയത്. രാവിലെ മുതൽ രാത്രി പത്തുവരെ നീളുമായിരുന്നു പഠനം. ഈ പരിശ്രമത്തിന്റെ ഫലമായാണ് ആദ്യ പരീക്ഷയിൽ തന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധിച്ചത്. എൽജിഎസ് ലിസ്റ്റിൽ ജില്ലാ തലത്തിൽ ആറാം റാങ്കാണ് നേടിയത്. ഫറൂഖ് സബ് ട്രഷറിയിലായിരുന്നു നിയമനം. ഇതിനിടയിൽ എംഎസ്പി ലിസ്റ്റിലും ഇടം നേടി. ഒന്നാം റാങ്കായിരുന്നു ലഭിച്ചത്.

അതിനിടയിലാണ് എസ്.ഐ ടെസ്റ്റിന് അപേക്ഷിക്കുന്നത്. ജോലി കഴിഞ്ഞ ശേഷം വെെകുന്നേരം പെ​ഗാസസിലിരുന്നായിരുന്നു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. നവനീത്, സിദ്ധാർത്ഥ്, മിഥുൻ എന്നിവർക്കൊപ്പം കംബെെൻ സ്റ്റഡിയായിരുന്നു നടത്തിയത്. ഇവർക്കും ഇ പരീക്ഷകളിൽ മികച്ച റാങ്കുണ്ട്.

നാല് ഘട്ടങ്ങളായുള്ള പരീക്ഷയിൽ പ്രിലിംസ് പാസായതിന് പിന്നാലെ മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടതിനാൽ മൂന്ന് മാസം ജോലിയിൽ നിന്ന് ലീവെടുത്തായിരുന്നു പഠനം. കൊയിലാണ്ടി സ്റ്റേഡിയത്തിലും ​ഗുഡ്മോർണിം​ഗ് ഹെൽത്ത് ക്ലബിനും ഒപ്പമായിരുന്നു ഫിസിക്കൽ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. മെയിൻസിലും അഭിമുഖത്തിലുമെല്ലാം മികച്ച പ്രകടനം നടത്താൻ സാധിച്ചതിനാൽ നല്ലൊരു റാങ്ക് തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

റാങ്ക് ലിസ്റ്റ് വന്നപ്പോൾ വളരെ സന്തോഷം തോന്നി. ഒന്നാം റാങ്ക് ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരുമെല്ലാം എന്നും അതുൽരാജ് പറഞ്ഞു. ചെറുവത്ത് രാജിവന്റെയും രജനിയുടെയും ഏക മകനാണ് ഇരുപത്തിയഞ്ചുകാരനായ അതുൽരാജ്.