വാഹനത്തിന് സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ. വിനോദിനെതിരെയാണ് നടപടിയെടുത്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് കൊളത്തൂര്‍ ചീക്കിലോടില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ രണ്ട് യുവാക്കള്‍ തര്‍ക്കിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് യുവാക്കള്‍ എസ്.ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും അസഭ്യം പറഞ്ഞ എസ്.ഐ പിന്നീട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ യുവതി കാക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി സഞ്ചരിച്ച വാഹനവും തകര്‍ക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ നടക്കാവ് എസ്‌ഐക്കും കണ്ടാലറിയാവുന്ന നാല് പേര്‍ക്കുമെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു.

ബന്ധുവിന്റെ വിവാഹപാര്‍ട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്.ഐ ഉള്‍പ്പെട്ട സംഘമെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും യുവതി പറഞ്ഞു.