ഗതാഗതക്കുരുക്കിന്റെ കേന്ദ്രം ഇനി ഓര്‍മയാവും; മൂരാട് പുതിയപാലം മാര്‍ച്ച് 15ന് മുമ്പ് തുറക്കും


പയ്യോളി: ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് എന്നും ദുരിതമായി ഗതാഗതക്കുരുക്ക് ശൃഷ്ടിച്ചിരുന്ന മൂരാട് പഴയപാലം ഇനി ഓര്‍മയാവും. കുറ്റ്യാടിപ്പുഴയില്‍ മൂരാട്ട് നിര്‍മിച്ച പുതയപാലം മാര്‍ച്ച് 15ന് മുന്‍പ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂരാട് ഭാഗത്ത് ആറുവരിപ്പാതയുടെ പ്രവൃത്തി സുഗമമാക്കാനാണ് പുതിയപാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതെന്നും പറഞ്ഞു.

ആറുവരി പാലത്തിന്റെ നടുവില്‍ ഡിവൈഡര്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേര്‍തിരിച്ചിട്ടുണ്ട്. മൂന്നുവരിയായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന 16 മീറ്റര്‍ വീതിയാണ് ഓരോ ഭാഗത്തിനും. ആകെ 32 മീറ്റര്‍ വീതി പാലത്തിനുണ്ട്. കാല്‍നടയാത്രികര്‍ക്കായി ഇരുഭാഗത്തും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പണിയും പുരോഗമിക്കുന്നു.

പുതിയ പാലത്തിന്റെ കിഴക്കുഭാഗത്തെ മൂന്നുവരിയാണ് ഗതാഗതത്തിന് തുറക്കുന്നത്. ആറുവരിപ്പാതാ നിര്‍മാണം കഴിയുന്നതുവരെ ഇതിലൂടെ വാഹനങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുപോകാന്‍ കഴിയും. ഇതിനുള്ള അവസാനഘട്ട ജോലികളും പുരോഗമിക്കുന്നു. വടകര, പയ്യോളി ഭാഗങ്ങളില്‍ അനുബന്ധ റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായിവരുന്നു. ടാറിങ് ഉള്‍പ്പെടെ 90 ശതമാനവും കിഴക്കുഭാഗത്ത് കഴിഞ്ഞു.

പുതിയപാലം തുറക്കുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയപാലം അടയ്ക്കാനാണ് തീരുമാനം. പാലോളിപ്പാലം മുതല്‍ മൂരാട് പാലം വരെയുള്ള 2.1 കിലോമീറ്റര്‍ റോഡും മൂരാട്, പാലോളിപ്പാലം എന്നിവയും പ്രത്യേക പദ്ധതിയില്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്തതാണ്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കേരളസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്.

68.5 കോടിയാണ് അനുവദിച്ചത്. 2020 ഒക്ടോബറില്‍ ശിലാസ്ഥാപനം നടത്തി. 2021 ഏപ്രിലില്‍ പ്രവൃത്തി തുടങ്ങി. 2023 ജൂലായില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. പിന്നീട് കാലാവധി 2024 ഏപ്രില്‍ വരെ നീട്ടി. ഹരിയാണയിലെ കമ്പനിക്കാണ് നിര്‍മാണച്ചുമതല. ആറുവരിപ്പാതയില്‍ അഴിയൂര്‍ – വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയാണ് മൂരാട് പാലം നിര്‍മാണം.