കടലില്‍ മരിക്കാതിരിക്കാന്‍ ഇനിയും കരയില്‍ പ്രതിഷേധിക്കേണ്ടി വരരുത്; നന്തിയിലെ മത്സ്യത്തൊഴിലാളി റസാഖിന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ മുനീർ അഹമ്മദ് എഴുതുന്നു


ഴിഞ്ഞ ദിവസം എന്റെ നാടായ നന്തിയിലുണ്ടായ ഒരു അപകടത്തെ കുറിച്ചാണ്. നന്തി, കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു സുഹൃത്തുക്കള്‍. പീടികവളപ്പില്‍ റസാഖും, തട്ടാന്‍കണ്ടി അഷ്‌റഫും. കടലിന്റെ ഊരില്‍, കടല് കണ്ട്, കടലിരമ്പം കേട്ട് വളര്‍ന്നവരാണ് രണ്ടു പേരും. മത്സ്യബന്ധനത്തില്‍ അനുഭവവും അറിവുകളും ഉള്ളവര്‍. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും കണ്ടു തോണിയിറക്കിയ അവര്‍ പ്രകൃതിയുടെ ആകസ്മിക ഭാവമാറ്റങ്ങളെ കുറിച്ച് നിനച്ചു കാണില്ല.

പെട്ടെന്നാണ് മഴ കനത്തു പെയ്തത്. അകമ്പടിയായി കാറ്റും ഇടിമിന്നലും. കരയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മിന്നലിന്റെ ആഘാതത്തില്‍ അഷ്‌റഫും റസാഖും കടലിലേക്ക് എടുത്തെറിയപ്പെട്ടത്. തിരിച്ചു കയറാന്‍ ആകും മുമ്പേ വള്ളം എങ്ങോട്ടോ ഒഴുകിപ്പോയി. കടലിലേക്ക് വീണ റസാഖിനെ ചുറ്റും തിരഞ്ഞെങ്കിലും കണ്ടില്ല. അല്പനേരം വിളിച്ചുനോക്കിയിട്ടും മറുപടി ലഭിക്കാതായതോടെ പ്രാണഭയത്തില്‍ കയ്യില്‍ കിട്ടിയ ബോയയില്‍ അള്ളിപ്പിടിച്ചു കരയിലേക്കു നീന്തിയ അഷ്റഫിനെ തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ രാത്രി പതിനൊന്നു മണിയോടെ കണ്ടെത്തി കരക്കെത്തിച്ചു.

കടലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച അഷ്‌റഫിനെ എം.എല്‍.എ സന്ദര്‍ശിച്ചപ്പോള്‍

നടുക്കം വിട്ടുമാറാതെ നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഷ്റഫ്. ഒഴുകിപ്പോയ ഫൈബര്‍ വള്ളം പുതിയാപ്പ കടപ്പുറത്ത് നിന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സംഭവം നടന്നതിന്റെ പിറ്റേന്നാണ് മരിച്ച നിലയില്‍ റസാഖിനെ കണ്ടെത്താനായത്. അപകടം നടന്ന ഭാഗത്ത് തിരച്ചിലിലേര്‍പ്പെട്ട നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്.
‘Indeed we belong to Allah, and indeed to Him we will return’

നാട്ടുകാര്‍ക്കെല്ലാം സുപരിചതനാണ് റസാഖ്. സാമൂഹ്യ പ്രവര്‍ത്തനത്തിലും, രാഷ്ട്രീയത്തിലും സജീവമായിരുന്നു. മദ്രസാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനിതെഴുതുമ്പോള്‍ റസാഖിന്റെ അന്ത്യയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലായിരിക്കും എന്റെ നാട്ടുകാര്‍. പിന്നെ കടലിനോട് ചേര്‍ന്നുള്ള പഴയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലുകളിലൊന്ന് അവന്റെ സ്മാരകമാകും. കടലൂരിന്റെ പിയ പുത്രന് പ്രാര്‍ത്ഥനയോടെ യാത്രാമൊഴി.
‘O Allah, forgive him and have mercy on him. Protect him and pardon him.’

എന്റെ നാട്ടില്‍ നടന്ന ദാരുണമായ ഈ സംഭവം കടലില്‍ ഉപജീവനം നടത്തുന്നവര്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഒരു സുഹൃത്ത് നഷ്ടപ്പെടുകയും മറ്റൊരാള്‍ അത്ഭുതകരമായി രക്ഷിക്കപ്പെടുകയും ചെയ്ത നിര്‍ഭാഗ്യകരമായ അപകടം; മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാ നടപടികള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

കടലിലകപ്പെട്ട റസാഖിനെയും അഷ്‌റഫിനെയും കണ്ടെത്താനായി ഒത്തൊരുമയോടെ തിരച്ചിലിനിറങ്ങിയ നാട്ടുകാര്‍ക്ക് ഒരാളെ മാത്രമാണ് രക്ഷപ്പെടുത്താനായത്. നാട്ടുകാരുടെ ധീരമായ പ്രയത്നങ്ങള്‍ക്കിടയിലും, അധികാരികളുടെ കാലതാമസമുള്ള ഇടപെടല്‍, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയില്‍ കൂടുതല്‍ സജീവമായ സമീപനത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ആദ്യഘട്ടത്തില്‍ ഗൗരവത്തോടെ ഇടപെടാതിരുന്ന അധികാരികള്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചതോടെയാണ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിലിനിറങ്ങിയെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം തിരച്ചില്‍ തടസ്സപ്പെട്ടു. പിന്നീട് ചൊവ്വാഴ്ച സന്ധ്യയോടെയാണ് റസാഖിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

കടലില്‍ പോകുന്നവര്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനര്‍ നിര്‍ണയത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ഇത്തരം സംഭവങ്ങള്‍. ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്നും വാഹനമോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും നിര്‍ബന്ധമാക്കിയതുപോലെ, മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് അഥവാ പേര്‍സണല്‍ ഫ്‌ലോട്ടേഷന്‍ ഡിവൈസ് (PFD) നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, കടല്‍ നിരീക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലോ മറ്റു സുരക്ഷാവിഭാഗങ്ങളുടെ നേത്രൃത്വത്തിലോ മറൈന്‍ പട്രോളിംഗ് സജീവമാക്കുകയും വേണം. എയര്‍ ടാഗുകള്‍ക്ക് സമാനമായ GPS ട്രാക്കിംഗ് ഡിവൈസുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇതും കടലപകടങ്ങളുടെ വ്യാപ്തി കുറക്കാന്‍ സാഹായിക്കും.

വിദേശ രാജ്യങ്ങളില്‍ ഒക്കെ ഉള്ളത് പോലെ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും. എസ് ഒ എസ് അലര്‍ട്ട് സംവിധാനങ്ങളും ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കുള്‍പ്പെടെ ലഭ്യമാക്കണം. കാലാവസ്ഥ നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുകയും വെതര്‍ ഫോര്‍കാസ്റ്റ് മുഖവിലക്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ഇത്തരം സുരക്ഷാ നടപടികള്‍ സംയോജിപ്പിച്ച് കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കണം. പ്രവചനാതീതമായ സമുദ്ര സാഹചര്യങ്ങളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ ഇത്തരം നടപടികള്‍ കാരണമാകും.

ഓളപ്പരപ്പിലെ പ്രതികൂല സാഹചര്യങ്ങളുമായി മല്ലിട്ട് കടലിന്റെ കനിവില്‍ ജീവിക്കുന്നവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ അധികാരികളുടെ അടിയന്തിര ശ്രദ്ധ അനിവാര്യമാണ്. നാട്ടുകാരെ, സാമൂഹ്യപ്രവര്‍ത്തകരെ, ജനപ്രതിനിധികളെ, നമുക്കൊരുമിച്ച് ഇതിനായി ശബ്ദമുയര്‍ത്താം.

പിന്‍കുറിപ്പ്:

പുലി കിണറ്റിലകപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം തത്സമയ സംപ്രേക്ഷണം നടത്തിയ വാര്‍ത്ത ചാനലുകളുള്ള ഒരു നാട്ടില്‍; കടലില്‍ കാണാതായ ഒരു സഹോദരന് വേണ്ടി ഒരു ദേശം ഒന്നടങ്കം തേങ്ങിയ പകലിരവിലോ അധികാരികളുടെ ഇടപെടലിനായി അവര്‍ തെരുവിലിറങ്ങിയ നേരത്തോ ഒരു ടി വി ചാനല്‍ പ്രതിനിധിയെ പോലും കണ്ടതായി ആരും പറഞ്ഞു കേട്ടില്ല. ആരും വിവരമറിയിക്കാത്തതു കൊണ്ടാണോ അങ്ങിനെ സംഭവിച്ചത്. തുടക്കം മുതല്‍ മാധ്യമങ്ങള്‍ ഈ സംഭവം ഗൗരവപൂര്‍വം വാര്‍ത്തയാക്കിയിരുന്നെകില്‍ ഒരുപക്ഷെ അധികാരികളുടെ ഇടപെടലിന് അല്പം കൂടി വേഗത കൈവരുമായിരുന്നില്ലേ എന്നൊരു തോന്നല്‍ ഉള്ളിലിരുന്നു വിങ്ങുന്നുണ്ട്.