ഇന്ന് റെയ്ഡ് നടന്നത് കൊയിലാണ്ടിയിലെ നാല് ഹോട്ടലുകളില്‍; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ നോട്ടീസ് – വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് പിന്നാലെ കൊല്ലം ചിറ ഭാഗത്തെ ഹോട്ടലിലും റെയ്ഡ്. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോര്‍ ഒ ക്ലോക്കില്‍ നടന്ന റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് ബാക്കിവന്ന ഭക്ഷ്യവിഭവങ്ങള്‍ ഇന്ന് ഉച്ച മുതല്‍ വിതരണം ചെയ്യാന്‍ തയ്യാറായ നിലയിലായിരുന്നു.

പഴകിയ പൊറോട്ട, ചിക്കന്‍, ബീഫ്, കറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കോഴിയിറച്ചിയടക്കം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ മുതലാണ് നഗരസഭാ ആരോഗ്യവിഭാഗം കൊയിലാണ്ടിയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. രാവിലെ നടത്തിയ പരിശോധനയില്‍ ലാമാസ് കിച്ചന്‍, ഗാമ കിച്ചന്, പെട്രാസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ഗ്രേഡ് 1 പ്രദീപ് മരുതേരി, റിഷാദ് കെ, ലിജോയ് എല്‍, ജമീഷ്. പി, സീന എം, ഷൈനി കെ.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ഇന്ദു ശങ്കരി കെ.എ.എസ് അറിയിച്ചിട്ടുണ്ട്.