നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു; പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്


പയ്യോളി: പയ്യോളിയില്‍ തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. കൊല്ലം കുളത്തൂപ്പാഴ സ്വദേശികളായ സുനിത(44), മകള്‍ ഷഹന(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പയ്യോളിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. പയ്യോളി സ്‌റ്റേഷനിലായിരുന്നു ഇരുവര്‍ക്കും ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ട്രെയില്‍ പയ്യോളിയില്‍ എത്തിയത് ഇവര്‍ അറിഞ്ഞില്ല. ശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങിയതോടെ ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

തുടര്‍ന്ന് യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും പയ്യോളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.