പാലിന് വില കൂട്ടി മില്‍മ, വില കൂടുന്നത് പച്ച മഞ്ഞ കവറിലുള്ള പാലിന്; അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി


തിരുവനന്തപുരം: പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മില്‍മാ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. നാളെ മുതലാണ് കൂടിയ വില പ്രഭല്യത്തില്‍ വരുന്നത്.

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും പറഞ്ഞു. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ല. വില കൂട്ടിയത് പാല്‍ വാങ്ങിയ ശേഷം ചില്ലറ കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല. വില കൂട്ടാനുള്ള അധികാരം മില്‍മക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാല്‍ വില വര്‍ദ്ധന അനിവാര്യമായിരുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. മുമ്പ് പാല്‍വില 6 രൂപ കൂട്ടിയപ്പോള്‍ ഡബിള്‍ ടോന്‍ഡ് പാലിന് 4 രൂപമാത്രമാണ് കൂട്ടിയത്. വേനല്‍ കാലമായതിനാല്‍ പുറത്തുനിന്ന് പാല്‍ വാങ്ങേണ്ട സാഹചര്യമാണ്. നഷ്ടമുണ്ടാകാതിരിക്കാന്‍ വില കൂട്ടേണ്ട സാഹചര്യമെന്ന് കെ.എസ്.മണി പറഞ്ഞു.

അതേസമയം, പാൽ വിലവർധിപ്പിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രതികരണം. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ മന്ത്രിയെ അറിയിക്കാന്‍ കഴിഞ്ഞില്ല. വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയ്ക്ക് അധികാരമുണ്ട്. വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം മന്ത്രിയെ ബോധ്യപ്പെടുത്തുമെന്ന് കെ.എസ്.മണി പറഞ്ഞു.