മൂടാടിക്കാര്‍ക്കിനി കൊയിലാണ്ടി പോകാതെ ട്രെയിന്‍ കയറാം; വെള്ളറക്കാട് സ്‌റ്റേഷനില്‍ വീണ്ടും ചൂളം വിളി; മെമുവിന് സ്വീകരണം നല്‍കി നാട്ടുകാര്‍
കൊയിലാണ്ടി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്വീകരണം നല്‍കി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച ശേഷം എത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവിനാണ് സ്വീകരണം നല്‍കിയത്. രാവിലെ 07:05 നാണ് മെമു വെള്ളറക്കാട് സ്റ്റേഷനില്‍ എത്തിയത്.
പുറയ്ക്കല്‍ ന്യൂ സ്റ്റാര്‍ കലാവേദിയുടെ നേതൃത്വത്തിലാണ് മെമുവിന് സ്വീകരണം ഒരുക്കിയത്. വെള്ളറക്കാട് സ്റ്റേഷനിലെത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവില്‍ കുരുത്തോല ചാര്‍ത്തിയും ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ള മെമുവിലെ ജീവനക്കാര്‍ക്കും ഇളനീരും മധുരവും നല്‍കിയുമായിരുന്നു സ്വീകരണം.
ലോക്ക്ഡൗണിന് മുമ്പ് അഞ്ചോളം ട്രെയിനുകള്‍ക്ക് വെള്ളറക്കാട് സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ എല്ലാ ട്രെയിനുകളുടെയും സ്‌റ്റോപ്പുകള്‍ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും റദ്ദാക്കിയ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിക്കപ്പെട്ടില്ല.
പിന്നീട് മൂടാടി ഗ്രാമപഞ്ചായത്തിന്റെയും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് നാല് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചത്. കൂടുതല്‍ ട്രെയിനുകള്‍ക്ക് വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കപ്പെടാനുണ്ട്.
മെമുവിന് നല്‍കിയ സ്വീകരണത്തില്‍ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാര്‍ഡ് മെമ്പര്‍മാരായ സുമതി, പപ്പന്‍ മൂടാടി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.