‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്.

സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്:

‘സംഭവം നടന്ന കായണ്ണയിലെ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീടിന്റെ രണ്ട് മൂന്ന് പറമ്പ് അപ്പുറത്ത് തെങ്ങില്‍ കയറുകയായിരുന്നു ഞാന്‍. അവന്‍ തെങ്ങ് മുറിക്കുന്നതൊക്കെ ഞങ്ങള് കാണുന്നുണ്ട്. തെങ്ങ് മുറിഞ്ഞുവീഴുമ്പോള്‍ ഇവന്‍ ആടുന്നുണ്ട്. ‘എന്തോ പറ്റീക്കല്ലോ’യെന്ന് ആരോ പറഞ്ഞു. തെങ്ങിന്റെ മേല്‍ഭാഗത്തെ ഓലവെട്ടാതെ നടുവെട്ടി മുറിച്ചുകളഞ്ഞതാണ്. ചരിഞ്ഞ തെങ്ങായതുകൊണ്ട് വാള് വെച്ചയുടന്‍ തെങ്ങ് മുറിഞ്ഞു. അതോടെ ചവിട്ടിനില്‍ക്കുന്നിടത്തുനിന്നും കാല്‍തെറ്റി വീഴുകയായിരുന്നു.

‘മിഷനുംകൊണ്ട് ഓടി വരീന്ന്’ പറഞ്ഞ് ആരോ വിളിച്ചതാണ്. ഉടനെ ഞാന്‍ ഓടി സ്ഥലത്തെത്തി. ചെന്നുനോക്കുമ്പോള്‍ ആള് തൂങ്ങിനില്‍ക്കുകയാണ്, ഒരനക്കവുമില്ല. കയ്യുംകാലുമൊക്കെ തളര്‍ന്നുപോയി. അന്നേരം ഞാന്‍ മെഷീനെടുത്ത് മുകളില്‍ കയറി അയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു. ചരിഞ്ഞ തെങ്ങാണ്. നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്. വേറൊരു കയറിട്ട് അവന്റെ കൈ കൂട്ടിക്കെട്ടി എന്റടുത്തേക്ക് ആക്കിയതാണ്.

കെട്ടഴിച്ചിട്ടേക്ക്, ഞാന്‍ കയറില്‍ക്കൂടി ഇറങ്ങുമെന്ന് അവന്‍ പറഞ്ഞിരുന്നു. ഓനാകെ ക്ഷീണിച്ചിരുന്നു. അപ്പോഴേക്കും ഫയര്‍ഫോഴ്‌സ് വന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഞാനും അവരെ സഹായിച്ചുകൊടുത്തു.

അന്നേരം ഒരു പേടിയും തോന്നിയിട്ടില്ല. ഇറങ്ങിയപ്പോള്‍ കയ്യും കാലും വിറച്ച് നിന്നുകൂടാത്ത അവസ്ഥയായിരുന്നു. ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായതുകൊണ്ടാവാം തെങ്ങില്‍ നിന്ന് ഒരു പേടിയും തോന്നിയിരുന്നില്ല. ഒരു മണിക്കൂറോളമാണ് തെങ്ങില്‍ അയാളെയും പിടിച്ച് നിന്നത്. ‘

കായണ്ണ ഭാഗത്ത് രണ്ടുവര്‍ഷത്തോളമായി മെഷീന്‍ ഉപയോഗിച്ച് തെങ്ങുകയറുന്നയാളാണ് വേലായുധന്‍. മുമ്പ് കൂലിപ്പണിയായിരുന്നു. കോവിഡ് വന്നതോടെ പണിയില്ലാതായി. ഇതോടെയാണ് തെങ്ങുകയറ്റം പരിശീലിച്ചതെന്നും അതുകൊണ്ട് ഇപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.