പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, കാർഷിക മേഖലയിൽ സബ്സിഡി, സംരംഭങ്ങൾ… വികസന കുതിപ്പിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാമത്


പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. 106.05 ശതമാനം തുക ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടിയത്. കാർഷിക, വിദ്യാഭ്യാസ, സംരംഭം ഉൾപ്പെടെയുള്ള വിവിധ മേഖകളിലെ മികച്ച പ്രകടനമാണ് ബ്ലോക്ക് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പട്ടികജാതി വിഭാഗത്തിലായി അനുവദിച്ച തുക നൂറ് ശതമാനവും വിനിയോ​ഗിച്ചു. ജനറൽ പണ്ടിൽ 97 ശതമാനവും വിനിയോ​ഗിക്കാൻ പഞ്ചായത്തിന് സാധിച്ചു. പയ്യോളി അങ്ങാടിയിലെ ​ഗോൾഡൻ ബേക്കറി യൂണിറ്റ്, മേപ്പയ്യൂരിലെ കാറ്ററിം​ഗ് സർവീസും കാന്റീൻ, കീഴരിയൂരിൽ നക്ഷത്ര ജെെവ വള യൂണിറ്റ് എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ മികച്ച സംരഭങ്ങളിൽ ഉൾപ്പെടുന്നത്.

കാർഷിക മേഖലയിലെ ഉന്നമനത്തിനായി സംബ്സിഡിയും, കീഴരിയൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ പെട്ടിയും പടയും നടപ്പാക്കി. ക്ഷീര വികസന മേഖലയിൽ കാലിത്തീറ്റ സബ്സിഡിയും പാലിന് ഇൻസെന്റീവും നൽകി. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിയും പദ്ധതിയുടെ ഭാ​ഗമായി നടപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി മേഖലയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സെെഡ് വീൽ പദ്ധതികളും നടപ്പാക്കി. മേപ്പയ്യൂർ പഞ്ചായത്തിലെ രണ്ട് അം​ഗനവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.