‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
എം.എൽ.എ. കാനത്തിൽ ജമീല യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു. ഒമ്പതാം തിയ്യതി പഞ്ചായത്ത് തല ജാഗ്രതാ സമിതിയും തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തല സമിതികളും രൂപീകരിക്കാൻ തീരുമാനിച്ചു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, മതസംഘടനകൾ, കലാ സാസംസ്ക്കാരിക സംഘടനകൾ, റെസിഡൻ്റ്സ് അസോസിയേഷൻ, മറ്റ് സന്നദ്ധ സംഘടകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.ശ്രീകുമാർ (മൂടാടി), സതി കിഴക്കയിൽ (ചേമഞ്ചേരി), ജമീല സമദ് (തിക്കോടി), കൊയിലാണ്ടി നഗരസഭാ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ഷിജു മാസ്റ്റർ, ഇ.കെ.അജിത്ത് മാസ്റ്റർ, നഗരസഭാ കൗൺസിലർമാരായ പി.രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, ഫാസിൽ നടേരി, കെ.എം.നജീബ്, കീഴരിയൂർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രതിനിധികൾ, റെഡിഡൻ്റ്സ് അസോസിയേഷൻ പ്രധിനിധികളായ ജോഷി, അനിൽകുമാർ, വ്യാപാരി പ്രതിനിധി റിയാസ്, പ്രദീപൻ പെരുവട്ടൂർ, മാധ്യമപ്രവർത്തകർ എന്നിവർ സംസാരിച്ചു. കൂടാതെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പൊലീസ് ഓഫീസർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. എസ്.ഐ അനീഷ് വടക്കയിൽ സ്വാഗതവും, എസ്.ഐ ശൈലേഷ് പി.എം നന്ദിയും പറഞ്ഞു.