ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയെന്ന പരാതി; കൊയിലാണ്ടിക്കാര്‍ക്കിടയില്‍ പ്രതിഷേധം


കൊയിലാണ്ടി: ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ വന്‍തുക ഈടാക്കുന്നതിനെതിരെ കൊയിലാണ്ടിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം. സുരക്ഷാ പരിശോധനയ്ക്കായി വീട്ടിലെത്തുന്ന ജീവനക്കാര്‍ ഒരാളില്‍ നിന്നും 236 രൂപയാണ് ഈടാക്കുന്നത്. ഗ്യാസ് വില കുതിച്ചുകയറുന്ന ഈ കാലത്ത് സുരക്ഷാ പരിശോധനയെന്ന പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

ഗ്യാസ് സ്റ്റൗവില്‍ ഐ.എസ്.ഐ മാര്‍ക്കുണ്ടോ, ട്യൂബ് സുരക്ഷിതമാണോ, ഗ്യാസ് സുരക്ഷിതമായാണോ സൂക്ഷിച്ചിരിക്കുന്നത്, വൈദ്യുതി ഉപകരണങ്ങള്‍ ഇതിനടുത്തായി സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് നിര്‍ബന്ധിത പരിശോധനയുടെ ഭാഗമായി നോക്കുന്നത്. എന്നാല്‍ പരിശോധനയെന്ന പേരില്‍ വീട്ടിലെത്തുന്ന ജീവനക്കാര്‍ അടുപ്പ് നില്‍ക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി തുക വാങ്ങിക്കുകയാണ് ചെയ്യുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

മിക്ക സാഹചര്യങ്ങളിലും പകല്‍ സമയങ്ങളില്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോഴാണ് ഈ ജീവനക്കാര്‍ എത്തുന്നത്. മുന്‍കൂര്‍ അറിയിക്കാതെയുള്ള ഈ വരവും പണം നല്‍കുകയും വീട്ടിലെ സ്ത്രീകളെയാണ് കൂടുതലായും പ്രതിസന്ധിയിലാക്കുന്നത്. കൊയിലാണ്ടിയിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ തന്നെ ഇരുപതിനായിരത്തോളം ഉപഭോക്താക്കളുണ്ട്. ഇത്തരത്തിലുള്ള മൂന്നോ നാലോ ഏജന്‍സികളാണ് കൊയിലാണ്ടിയിലുള്ളത്. ഇവരില്‍ നിന്നും 236 രൂപ വീതം പിരിക്കുമ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് ഈ സുരക്ഷാ പരിശോധനയെന്ന പേരില്‍ നാട്ടുകാരില്‍ നിന്നും പിരിച്ചെടുക്കുന്നത്.

കമ്പനി നിര്‍ദേശം പ്രകാരമാണ് നിര്‍ബന്ധിത സുരക്ഷാ പരിശോധന നടത്തുന്നതെന്നാണ് കൊയിലാണ്ടിയിലെ ഭാരത് ഗ്യാസ് ഏജന്‍സി ഉടമയായ അറഫാത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. നേരത്തെ രണ്ട് വര്‍ഷം കൂടുമ്പോഴായിരുന്നു ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ പരിശോധന നടത്താനാണ് ഏജന്‍സികള്‍ക്ക് കമ്പനികള്‍ നല്‍കുന്ന നിര്‍ദേശം. ഇതിന് കമ്പനി നിര്‍ദേശിച്ച തുകയാണ് ഈടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാസ് ഉപയോഗത്തില്‍ സുരക്ഷിതത്വം നിര്‍ബന്ധമാണ്. എന്നാല്‍ ഈ പരിശോധനയ്ക്ക് ഇത്രയും തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നാണ് ഗ്യാസ് വിതരണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായ ഗിരീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. പലപ്പോഴും നിര്‍ദ്ദിഷ്ട രീതിയിലുള്ള സുരക്ഷാ പരിശോധനകള്‍ നടക്കാറില്ല. പണം ഈടാക്കി പോകുക മാത്രമാണ് ഇതിനായി ചുമതലപ്പെടുത്തിയവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ജോലികള്‍ക്ക് പുറത്തുനിന്നും ആളുകളെ എത്തിക്കുന്നതിന് പകരം അതത് പ്രദേശക്കാരെ പരിശീലനം നല്‍കി ഉപയോഗിക്കുന്നതും കുറ്റമറ്റ രീതിയില്‍ സുരക്ഷാ പരിശോധന നടത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.