കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തി പോലീസില്‍ ഏല്‍പ്പിച്ചു; കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതിയെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്ന് മോചിതനായ വിദ്യാർത്ഥിയുടെ അച്ഛൻ


കോഴിക്കോട്: നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നില്‍ നിന്നും മോചിതനായ വിദ്യാര്‍ഥിയുടെ അച്ഛന്‍. പൊറാട്ട നാസര്‍ എന്നറിയപ്പെടുന്ന പറവൂര്‍ സ്വദേശി അന്‍സാറിനെയാണ് ആസൂത്രിതമായി കുടുക്കി പോലീസിനെ ഏല്‍പ്പിച്ചത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. നര്‍ക്കോട്ടിക് സെല്ലും പോലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസര്‍. 35ഓളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് സെല്ലിന് ലഭിച്ചത്.

എന്നാല്‍ ഇയാളുടെ പക്കല്‍നിന്ന് മതിയായ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസിന് സാധിച്ചിരുന്നില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്താല്‍ തളി ക്ഷേത്രപരിസരത്തുവച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു. കസബ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.